kett
കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ കുടുംബത്തെ ജെ.സി.ബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നു

മാനന്തവാടി: കനത്ത മഴയെ തുടർന്ന് ചുറ്റും വെള്ളം ഉയർന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കുടുങ്ങിയ അതിഥി തൊഴിലാളി കുടുംബത്തെ ജെ.സി.ബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. വള്ളിയൂർക്കാവിന് സമീപത്തെ ഇരുനില കെട്ടിടത്തിൽ നിന്നായിരുന്നു രക്ഷാ പ്രവർത്തനം .

രണ്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന നേപ്പാൾ സ്വദേശികളാണ് കുടുങ്ങിയത്. രാവിലെ 9 മണിയോടെയാണ് ചുറ്റും വെള്ളമാണെന്ന് ഇവർ തിരിച്ചറിയുന്നത്. പ്രദേശവാസികളോട് സഹായം അഭ്യർത്ഥിച്ചതോടെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് ആലോചനയായി. 12 അടിയോളം ഉയരമുള്ള കെട്ടിടത്തിലേക്ക് ജെ.സി.ബിയുടെ മുൻഭാഗം ഉയർത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യം നേപ്പാൾ സ്വദേശിയെയും മൂന്നു വയസുകാരി മകളെയും താഴെയെത്തിച്ചു. പിന്നീടാണ് ഇയാളുടെ ഭാര്യയെ താഴെ ഇറക്കിയത്.