1
പാർക്കിംഗ് പ്ലാസ

കോഴിക്കോട്: നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് കിഡ്‌സൺ കോർണറിലെ കച്ചവടക്കാരെ ഒഴിപ്പിച്ച് സത്രം ബിൽഡിംഗ് പൊളിച്ചത്. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും പാർക്കിംഗ് പ്ലാസ ഉയരേണ്ടിടത്ത് മാലിന്യവും വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗും മാത്രം. പാർക്കിംഗ് പ്ലാസ നിർമ്മാണം അനിശ്ചിതത്വത്തിലായത് മിഠായിത്തെരുവിൽ എത്തുന്നവരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ദിവസേന നൂറുകണക്കിനാളുകൾ കടന്നുപോകുന്ന വഴിയിൽ മഴ പെയ്തതോടെ മാലിന്യം പരന്നുകിടക്കുകയാണ്. തോന്നുംപോലെ നിർത്തിയിടുന്ന വാഹനങ്ങളും വഴിമുടക്കിയായി. സത്രം ബിൽഡിംഗ് പൊളിക്കുമ്പോൾ 2023 ആഗസ്റ്റിൽ പാർക്കിംഗ് പ്ലാസയുടെ തറക്കല്ലിടുമെന്നായിരുന്നു കോർപ്പറേഷന്റെ പ്രഖ്യാപനം. ഇപ്പോൾ അക്കാര്യത്തിലും വ്യക്തതയില്ല. നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻട്രസ്റ്റ് ഡെവലപിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കോർപ്പറേഷൻ ടെൻഡർ നൽകിയത്. അംഗീകാരത്തിനായി ഒരു വർഷം മുമ്പ് സർക്കാരിലേക്ക് അയച്ചെങ്കിലും നടപടിയുണ്ടായില്ല. അംഗീകാരം ലഭിച്ചാലുടൻ പണി ആരംഭിക്കുമെന്നാണ് കോർപറേഷന്റെ വിശദീകരണം. 2019ൽ ടെൻഡർ ക്ഷണിച്ച പദ്ധതിയാണ് അഞ്ചു വർഷമാകുമ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുന്നത്.

#പദ്ധതി ഇങ്ങനെ

@ 920 ചതുരശ്ര മീറ്റർ സ്ഥലത്ത് 7579 ചതുരശ്ര മീറ്റർ വരുന്ന കെട്ടിടം

@ 320 കാറും 184 ബൈക്കും നിർത്താം.

@ 30 കോടി മുതൽ മുടക്ക്

@പാർക്കിംഗ് പ്രശ്നം തന്നെ

നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാൻ ഇടമില്ലാത്ത സ്ഥിതിയാണ്. പേ പാർക്കിംഗ് കേന്ദ്രങ്ങളാണ് പലരുടെയും ആശ്രയം. മാനാഞ്ചിറ കോംട്രസ്റ്റിന് സമീപം റോഡ് കയറിയാണ് വാഹനങ്ങളുടെ പാർക്കിംഗ്. സത്രം കെട്ടിടം പൊളിച്ചുമാറ്റിയതോടെ അവിടെ ഉണ്ടായിരുന്ന വ്യാപാരികൾക്ക് താത്കാലിക കെട്ടിടം നിർമ്മിച്ചു നൽകിയത് കോംട്രസ്റ്റിന് സമീപത്തെ പാർക്കിംഗിനായുള്ള സ്ഥലത്താണ്. വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ കടകളും പാർക്കിംഗും കൂടിയായതോടെ കാൽനടയാത്രക്കാർ ഇടുങ്ങിയ വഴിയിൽ ശ്വാസംമുട്ടുകയാണ്. മഴക്കാലമായതോടെ ദുരിതം ഇരട്ടിയായി. മാനാഞ്ചിറ, വലിയങ്ങാടി, പാളയം, പുതിയ സ്റ്റാൻഡ് എന്നിവിടങ്ങളിലൊന്നും കൃത്യമായ പാർക്കിംഗ് സംവിധാനമില്ല.