കോഴിക്കോട്: മലമ്പനി പ്രതിരോധം ഊർജ്ജിതമാക്കാൻ ആരോഗ്യ വകുപ്പ്. അനോഫിലസ് വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവർത്തിക്കാം. മനം പുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. സർക്കാർ ആശുപത്രികളിൽ മലമ്പനി രോഗനിർണയവും ചികിത്സയും സൗജന്യമാണ്. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുക, കൊതുകുകടി ഏൽക്കാതിരിക്കാനുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.