കുന്ദമംഗലം: സൈക്കിൾ പോളോ ചാമ്പ്യൻ ഒൻപതാംക്ലാസുകാരൻ ഷാനിദിന് വീട് വയ്ക്കാൻ ഭൂമി സൗജന്യമായി ലഭിച്ചു. ഇനി സഹപാഠികൾ ഷാനിദിനായി വീടൊരുക്കും.കോഴിക്കോട് ചക്കുംകടവ് സ്വദേശികളായ സക്കീർ ഹുസൈൻ-റൈഹാന ദമ്പതികളുടെ മൂത്ത മകനായ മുഹമ്മദ് ഷാനിദ് മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓൻപതാം കളാസ് വിദ്യാർത്ഥിയാണ്. സൈക്കിൾ പോളോയിൽ ദേശീയ ചാമ്പ്യനായ ഷാനിദ് കേരള ടീമിന് വേണ്ടി സ്വർണം കരസ്ഥമാക്കിയെങ്കിലും സ്വന്തമായി വീടും സ്ഥലവുമില്ലാത്തതിനാൽ ദീർഘകാലമായി വാടക വീട്ടിലാണ് താമസം.
ആറാംക്ലാസിൽ പഠിക്കമ്പോൾ സൈക്കിൾ പോളോയിൽ ആകൃഷ്ടനായി പരിശീലനം തുടങ്ങിയ ഷാനിദ് ആദ്യമായി കർണാടകയിൽ നടന്ന സൗത്ത് സോൺ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിലും തുടർന്ന് ഈ വർഷം മഹാരാഷ്ട്രയിൽ നടന്ന ദേശീയ മത്സരത്തിലും മികച്ച മന്നേറ്റമാണ് നടത്തിയത്. ഫുട്‌ബോൾ, കരാട്ടെ തുടങ്ങിയവയിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കൻ. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിക്കുമ്പോഴും മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന ഈ വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്വന്തമായി ഭൂമി വാങ്ങി വീട് വയ്ക്കുക എന്നത് വിദൂരസ്വപ്നമായിരുന്നു. ഷാനിദിന്റെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ കാക്കൂർ പുന്നശ്ശേരിയിലെ ഒരു കുടുംബമാണ് ഷാനിദിനായി അഞ്ച് സെന്റ് സ്ഥലം പീപ്പിൾസ് ഫൗണ്ടേഷൻ എന്ന സംഘടനയെ ഏൽപ്പിച്ചത്.
ചക്കാലക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ഭൂരേഖാ കൈമാറ്റ ചടങ്ങ് മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഭൂരേഖകൾ പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദിൽ നിന്ന് ചക്കാലക്കൽ സ്‌കൂൾ അദ്ധ്യാപിക ടി.സുഹറ, സ്‌പോർട്സ് അക്കാദമി കൺവീനർ മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്‌പോർട്സ് രംഗത്ത് സ്‌കൂളിൽ താരമായ ഷാനിദിന് ഭൂമി ലഭ്യമായതോടെ സ്‌കൂളിലെ 'സഹപാഠിക്കൊരു സമ്മാനം' പദ്ധതിയിലുൾപ്പെടുത്തി ജനകീയ സഹകരണത്തോടെ വീട് യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകരും പി.ടി.എയും.