2
തൂണേരി, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ താഴെ മുടവന്തേരിയെയും ഉമ്മത്തൂരിനെയും ബന്ധിപ്പിക്കുന്ന ചേടിയാലക്കടവ് തൂക്ക് പാലം

നാദാപുരം: തൂണേരി, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ താഴെ മുടവന്തേരിയെയും ഉമ്മത്തൂരിനെയും ബന്ധിപ്പിക്കുന്ന ചേടിയാലക്കടവ് തൂക്ക് പാലം അപകടത്തിലായിട്ട് മാസങ്ങളായി. മയ്യഴി പുഴയ്ക്ക് കുറകെ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച കമ്പിപ്പാലം പ്രദേശത്തുകാർക്ക് എളുപ്പത്തിൽ ഇരുകരയുമെത്താനുള്ള ഏക മാർഗമാണ്. പാലമില്ലെങ്കിൽ അഞ്ചര കിലോ മീറ്റർ ചുറ്റി സഞ്ചരിക്കണം. ഇരുകരയിലുമെത്താൻ മറ്റു സംവിധാനങ്ങളില്ലാത്തതിനാൽ ആളുകൾക്ക് ഇപ്പോഴും ആശ്രയം തകർന്ന് വീഴാറായ പാലം തന്നെയാണ് . ഇരുകരയിലേക്കും വലിച്ചു കെട്ടിയ പാലത്തിന്റെ കമ്പികൾ തുരുമ്പെടുത്ത സ്ഥിതിയാണ്. ചവിട്ടു പലകയായി ഉപയോഗിച്ച ഇരുമ്പ് ഷീറ്റും ദുർബലം. നടക്കുമ്പോഴുണ്ടാവുന്ന പാലത്തിന്റെ ചാഞ്ചാട്ടത്തിൽ മനസ് പിടയും. ഏതു നിമിഷവും തകർന്ന് വീഴാവുന്ന പരുവത്തിലാണ് പാലം. പാലത്തിന്റെ അപകടാവസ്ഥ കാണിച്ച് അധികൃതർ ഇരുവശത്തും പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചതായി ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ വിലക്ക് വകവെക്കാതെയാണ് ആളുകളുടെ സഞ്ചാരം. ദീർഘദൂരം നടക്കാനുള്ള പ്രയാസം കാരണം വിദ്യാർത്ഥികളും തൂക്കുപാലത്തിലൂടെയാണ് യാത്ര.