nipah
nipah

രോഗ ലക്ഷണങ്ങളോടെ വരുന്നവർക്ക് ട്രയാജ് സംവിധാനം

 സന്ദർശകർക്ക് വിലക്ക്

രോഗിയോടൊപ്പം ഒരാൾ മാത്രം

കോഴിക്കോട്: നിപ വെെറസ് മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
സുരക്ഷാ സംവിധാനം ശക്തമാക്കി. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസെെറ്റിയുടെ പേ വാർഡ് കോംപ്ളക്സാണ് നിപ ഐസൊലേഷൻ ബ്ലോക്കായി മാറ്രിയത്. ഇവിടെയുള്ള രോഗികളെ അതാത് വാർഡുകളിലേക്ക് മാറ്റി. 2018ൽ നിപ ബാധിച്ചപ്പോഴും ഇതുതന്നെയായിരുന്നു ഐസലേഷൻ ബ്ലോക്ക്. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നവരെ പരിശോധിക്കാനായി ട്രയാജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രോഗികളെ കൃത്യമായി കണ്ടെത്താനും അവർ മറ്റുള്ള രോഗികളും ജീവനക്കാരുമായി ഇടപഴകാതെ കൃത്യമായ ചികിത്സ നൽകാനും ആരോഗ്യപ്രവർത്തകരു‌ടെ സുരക്ഷ ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. ഡോക്ടർ, നഴ്സുമാർ, അറ്റൻഡർമാർ എന്നിവരുടെ സേവനം ഇവിടെയുണ്ടാകും.

കടുത്ത പനി, തലവേദന, തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ ട്രയാജിൽ പരിശോധിച്ച ശേഷം സ്രവം പരിശോധനയ്ക്ക് അയക്കും. ഫലം വരുന്നതുവരെ രോഗികൾ പേ വാർഡ് കെട്ടിടത്തിൽ നിരീക്ഷണത്തിലായിരിക്കും. ഐസൊലേഷൻ ബ്ലോക്കിൽ ആദ്യഘട്ടത്തിൽ 60 മുറികളാണ് സജ്ജമാക്കിയത്. ഗുരുതരാവസ്ഥയിലെത്തുന്നവരെ പ്രവേശിപ്പിക്കാൻ ആദ്യ ഘട്ടത്തിൽ 5 ട്രാൻസിക് ഐ.സി.യുവും പഴയ കാഷ്വലിറ്റിയുടെ സമീപത്തുള്ള കെട്ടിടത്തിൽ 10 ഐ.സി.യുവും സജ്ജമാക്കി. ആരോഗ്യപ്രവർത്തകരെ അതീവജാഗ്രതയോടെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നത്. ഈ വാർഡിന്റെ മുന്നിലും കർശന നീരീക്ഷണമുണ്ട്. പരിസരമുൾപ്പെടെ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നുമുണ്ട്.

സന്ദർശകർക്ക് നിയന്ത്രണം

അനാവശ്യമായി ആളുകൾ ആശുപത്രിയിൽ എത്തുന്നത് ഒഴിവാക്കണമെന്നാണ് അധികൃതരുടെ കർശന നിർദ്ദേശം. ആശുപത്രിയിൽ വെറുതെ കൂട്ടം കൂടി നിൽക്കുന്നതിനും വിലക്കുണ്ട്. രോഗിയുടെ കൂടെ ഒരാൾ എന്നത് കർശനമാക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന മുഴുവൻ ആളുകളും നിർബന്ധമായും മാസ്ക് ധരിക്കണം. ഒഴിവാക്കാനാവില്ലെന്നു തോന്നുന്ന രോഗികളെ മാത്രമേ വാർഡുകളിൽ പ്രവേശിപ്പിക്കുന്നുള്ളു. അതേസമയം, മുൻകൂട്ടി തീരുമാനിച്ച സർജറികൾ മാറ്റി വച്ചിട്ടില്ല. നിലവിൽ മെഡി.കോളേജിൽ എത്തുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി പ്രവർത്തനം സാധാരണ നിലയിലാണെന്നും നിപ മൂലം മറ്റു ചികിത്സകളൊന്നും നിറുത്തിവച്ചിട്ടില്ലെന്നും മെഡി.കോളേജ് അധികൃതർ അറിയിച്ചു.

 ചികിത്സയിൽ ഒരാൾ മാത്രം

നിപ ലക്ഷണങ്ങളെ തുടർന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 68വയസുകാരൻ മാത്രമാണ് നിലവിൽ മെഡി.കോളേജിൽ ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് മെഡി.കോളേജിലേക്ക് മാറ്റിയത്. എന്നാൽ ഇദ്ദേഹത്തിന് മരണപ്പെട്ട പതിനാലുകാരനുമായി സമ്പർക്കമില്ല. അതേ സമയം ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ബന്ധുവും ടെസ്റ്റ് നെഗറ്റീവായതിനെ തുടർന്ന് മലപ്പുറത്തേക്ക് പോയി.

നിപ പ്രതിരോധിക്കാം

വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികൾ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യമുണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്രൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുക. ഏതെങ്കിലും തരത്തിൽ സംശയമുള്ളവർ നിപ കൺടോൾ റൂമിലേക്ക് വിളിക്കാം

കൺട്രോൾ റൂം നമ്പറുകൾ:

04832732010
04832732050
04832732060
04832732090