കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനായുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് നീളുന്നു. തെരച്ചിലിൽ റോഡിലേക്ക് വീണ 98% മണ്ണ് നീക്കിയെങ്കിലും അർജുന്റെ ലോറിയുടെ ഒരു സൂചനയും ലഭിച്ചിട്ടില്ല. വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്കാണ് ഇനി തെരച്ചിൽ. സമയം അതിവേഗം കടന്നു പോകുകയാാണ്. ശുഭ വാർത്തകളൊന്നും വീട്ടുകാരെ തേടി എത്തിയില്ലെങ്കിലും അവർ കാത്തിരിക്കുകയാണ്. അതേ സമയം അർജുനെ കണ്ടെത്താനാകാത്തത് ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. അർജുനെ രക്ഷപ്പെടുത്താനുള്ള ഇടപെടൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തണ്ണീർപ്പന്തൽ അങ്ങാടിയിൽ നാട്ടുകാർ പ്രതിഷേധ സംഗമവും പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. യു.രജനി ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ് തീരം അദ്ധ്യക്ഷത വഹിച്ചു. മൂത്താട്ടിൽ രവീന്ദ്രൻ, അബ്ദുൾ അസീസ്, കെ രമേശൻ, രൂപാൽ പാറപ്പള്ളി, കുമാരൻ പൂതങ്കര നേതൃത്വം നൽകി. കർണാടക സർക്കാർ നടത്തുന്ന രക്ഷാ പ്രവർത്തനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കുടുംബം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തുടർന്ന് സൈന്യത്തിന്റെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകി. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ തെരച്ചിൽ പുരോഗമിക്കുന്നത്.
രക്ഷാദൗത്യം വേഗത്തിലെന്ന്
ഉറപ്പ് നൽകി: എം.കെ. രാഘവൻ
അങ്കോള: അർജുനെയും ലോറിയും കണ്ടെത്താൻ രക്ഷാദൗത്യം ഊർജിതമാക്കിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകിയിരുന്നതായി എം.കെ. രാഘവൻ എം.പി പറഞ്ഞു. ശനിയാഴ്ച രാത്രി വിളിച്ചപ്പോൾ കിട്ടിയില്ല. ഞായറാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഷിരൂരിലേക്ക് പുറപ്പെട്ടത്. സൈന്യം വരുന്നതോടെ തെരച്ചിൽ നാവികസേനയുമായി ചേർന്ന് ഏകോപിപ്പിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അർജുനെ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ഉദ്ദേശമെന്നും എം.കെ. രാഘവൻ പറഞ്ഞു.