സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് കേരളത്തിലേയ്ക്ക് ബസിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവ ഡോക്ടർ മുത്തങ്ങയിൽ എക്‌സൈസിന്റെ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ തഴവ ചിറ്റുമൂല സ്വദേശി ഇടമരത്ത് വീട്ടിൽ എൻ. അൻവർഷാണ് (32 അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 160.77 ഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിർദേശാനുസരണം നടത്തിയ കർശന വാഹന പരിശോധനയ്ക്കിടെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച് മയക്കുമരുന്നുമായി പ്രതി പിടിയിലായത്. മൈസൂർ -പൊന്നാനി സ്വിഫ്റ്റ് ബസിൽ ബാഗിൽ പ്രത്യക കവറിലാക്കി സൂക്ഷിച്ച് കൊണ്ടുവരുകയായിരുന്നു.ബംഗളുവിരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവരുമ്പോഴാണ് പിടിയിലായത്.ദുബായിൽ സ്വന്തമായി ആയൂർവേദ സെന്റർ നടത്തുന്ന ബി.എ.എം.എസ് ഡോക്ടറാണിയാൾ. അഞ്ചു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ദുബായിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട് അവിടെ നിന്ന് പുറത്താക്കിയതായാണ് സൂചന.
വിവാഹ ആവശ്യത്തിനായി നാട്ടിൽ എത്തിയതാണെന്നാണ് ഇയാൾ എക്‌സൈസിനോട് വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നു. വിപണിയിൽ അഞ്ച് ലക്ഷത്തോളം രുപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ. 20 വർഷം വരെ കഠിന തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണിത്.