@ ഏഴുവർഷത്തിനിടെ കടലെടുത്തത് 23 ജീവനുകൾ
വടകര: സുരക്ഷാസംവിധാനം ഒട്ടുമില്ലാത്ത മാഹി മുതൽ പയ്യോളി വരെയുള്ള തീരദേശത്ത് ഏഴുവർഷത്തിനിടെ കടലെടുത്തത് 23 ജീവനുകൾ. അത്യന്തം അപകടം നിറഞ്ഞ തീരദേശമാണ് ഇവിടമെന്നാണ് ഈ അപകടക്കണക്കുകൾ തന്നെ സാക്ഷ്യപ്പെടുത്തുകയാണ്. ഹാർബറുകളും, മീൻമുട്ടികളും മറ്റ് നിർമ്മിതികളും അപകടസാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിനനുസരിച്ച സുരക്ഷാക്രമീകരണങ്ങൾ വിപുലീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. തീരത്ത് പൊലിഞ്ഞവരിൽ കൂടുതലും മത്സ്യത്തൊഴിലാളികളാണ്.
മയ്യഴിപ്പുഴയും മൂരാട് പുഴയും കടലുമായി സംഗമിക്കുന്ന അഴിമുഖങ്ങളും ഗോസായിക്കുന്നും സാൻഡ് ബാങ്ക്സും, മിനി ഗോവയും പോലുള്ള ടൂറിസം സ്പോട്ടുകളും ചോമ്പാൽ , വടകര ഹാർബറുകളും ഉൾപ്പെടുന്ന പ്രദേശത്ത് ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. ഒരു ഭാഗത്ത് ടൂറിസം മുന്നേറ്റ നടപടികൾ സ്വീകരിക്കുമ്പോഴും കിലോമീറ്ററുകളോളമുള്ള തീരം സുരക്ഷിതമാക്കാൻ വിരലിലെണ്ണാവുന്ന ഗാർഡുകൾ മാത്രം. മത്സ്യബന്ധനത്തിന് പോകുന്നവരുേടേയോ, സഞ്ചാരികളായെത്തുന്നവരുടേയോ സുരക്ഷ ഉറപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെയില്ല. ഈ തീര ഭാഗത്ത് നിലവിലുള്ള ഏക കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഉപയോഗിക്കുന്ന തുരുമ്പിച്ച ജീപ്പ് മുതൽ ആരംഭിക്കുന്നു സുരക്ഷാ ദാരിദ്ര്യത്തിന്റെ കഥ. തദ്ദേശീയ മത്സ്യത്തൊഴിലാളികളും സ്കൂബാ ഡൈവിംഗ് സംഘവുമെല്ലാം യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് മണിക്കൂറുകൾ നീളുന്ന രക്ഷാപ്രവർത്തനത്തിനിറങ്ങുന്നത്.
വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ആസ്ഥാനമാക്കി തീര സുരക്ഷയ്ക്കും ജീവൻ രക്ഷയ്ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ആധുനിക ഇന്റർസെപ്റ്റഡ് ബോട്ടുകളാണ് ഈ തീരത്ത് പ്രധാനമായും ആവശ്യം. കണ്ണൂർ , കോഴിക്കോട് എയർപോർട്ടുകളിൽ നിന്ന് പറന്നെത്തി അപകടത്തിൽ പെടുന്നവരെ എയർ ലിഫ്റ്റ് ചെയ്യാവുന്ന എയർ റസ്ക്യൂ ആൻഡ് ആംബുലൻസ് സൗകര്യവും വേണം. കൂടാതെ പയ്യോളി, വടകര, കുര്യാടി, ചോമ്പാല എന്നിവിടങ്ങളിൽ പോലീസ് എയ്ഡ് ഹട്ടുകൾ സ്ഥാപിക്കണം. ഈ ഹട്ടുകളിൽ ഗാർഡുകളും റസ്ക്യൂ ബോട്ടുകളും, രാത്രി പരിശോധനയ്ക്കുതകുന്ന ടോർച്ചുകളും മറ്റുമടങ്ങുന്ന സംവിധാനം സ്ഥപിക്കണം. മറ്റൊന്ന് പ്രാഥമിക ചികിത്സ നൽകാൻ സംവിധാനങ്ങളുള്ള ഐ.സി.യു ആംബുലൻസുകളാണ്. സുരക്ഷാ ഉപകരണങ്ങൾ നശിച്ചു പോകാതിരിക്കാൻ എ.സി സ്റ്റോറേജ് മുറികൾ ഒരുക്കണം. ഇന്ത്യയിലെ മറ്റ് തീര സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും ഉപയോഗിച്ചു വരുന്ന കരയിൽ നിന്ന് നിയന്ത്രിക്കാവുന്ന ലൈഫ് ബോയകൾ കൂടി സുരക്ഷാ കവചത്തിനുള്ളിൽ ചേർത്താൽ നാല് പേരെയെങ്കിലും ഒരുമിച്ച് റിമോട്ട് കൺട്രോളർ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ കഴിയും. .
'അപകടങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിൽ സുരക്ഷാ അപര്യാപ്തതകളെ സംബന്ധിച്ച് സബ്മിഷനിലൂടെ നിയമസഭയിലും, നിവേദനങ്ങളിലൂടെ വിവിധ വകുപ്പുകളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളുണ്ടാവുന്നില്ല. നാട്ടുകാരുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ ഉപകരണങ്ങളോട് കൂടിയ സുരക്ഷാ ടീം തയ്യാറാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് " കെ.കെ.രമ എം.എൽ.എ
തീരത്ത് വേണ്ടത്
ഇന്റർസെപ്റ്റഡ് ബോട്ടുകൾ
എയർ റസ്ക്യൂ ആൻഡ് ആംബുലൻസ്
പോലീസ് എയ്ഡ് ഹട്ടുകൾ
ഐ.സി.യു ആംബുലൻസുകൾ
ലൈഫ് ബോയകൾ
വർഷം മരണം
2018- 1.
2019 4.
2020 4.
2021 3
2022 6
2023 4
2024 1