കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസ് ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിലും പ്രഖ്യാപിക്കാതിരുന്നത് കോഴിക്കോട് ജില്ലയ്ക്ക് നിരാശയായി. കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ തുടർ വികസന പാക്കേജ്, ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികളും പരിഗണിക്കപ്പെട്ടില്ല. കേരളത്തിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) അനുവദിക്കുമെന്ന് 2014ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണ്. കേന്ദ്രത്തിന്റെ ഉറപ്പ് വിശ്വസിച്ച് കോഴിക്കോട് കിനാലൂരിൽ 252 ഏക്കർ സ്ഥലം സംസ്ഥാനം ഏറ്റെടുത്തു. രാജ്യമാകെ 25 എയിംസുകളായിട്ടും കേരളത്തിന്റെ കാത്തിരിപ്പ് ഇന്നും തുടരുകയാണ്. റോഡും കുടിവെള്ളവുമുള്ള 200ഏക്കർ ഭൂമി നൽകിയാൽ എയിംസ് അനുവദിക്കാമെന്ന് 2014ൽ കേന്ദ്രം പ്രഖ്യാപിച്ചതാണ്. 2015 ൽ തമിഴ്നാടിന് പ്രഖ്യാപിച്ച മധുരൈ എയിംസിൽ കോഴ്സ് ആരംഭിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. കോഴിക്കോട് വഴി കൂടുതൽ മെമു സർവീസ്, പിറ്റ് ലൈൻ സ്ഥാപിക്കൽ, കോഴിക്കോട് ബംഗളുരു ഉൾപ്പെടെയുള്ള വൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കൽ, വിവിധ റെയിൽവേ സ്റ്റേഷൻ നവീകരണം, ബേപ്പൂർ തുറമുഖ വികസനം, ചാലിയത്തെ നിർദ്ദേശ് പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികൾ പ്രതീക്ഷിച്ചിരുന്നു.
കേരളത്തിന്റെ ആവശ്യങ്ങളെ കേന്ദ്രം
നിരാകരിച്ചു: എം.കെ. രാഘവൻ
ബഡ്ജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങളെ എന്നത്തേയും പോലെ കേന്ദ്രസർക്കാർ നിരാകരിച്ചുവെന്ന് എം.കെ രാഘവൻ എം.പി. എയിംസ് എന്ന കേരളത്തിന്റെ ചിരകാല ആവശ്യത്തിന് ഈ ബഡ്ജറ്റിലും പരാമർശമൊന്നുമില്ല. റെയിൽവേ വികസനത്തിനോ, കേരളത്തിന് പ്രത്യേക റെയിൽവേ സോൺ എന്ന ആവശ്യത്തിനോ അനുകൂല പ്രഖ്യാപനങ്ങൾ ഒന്നുമില്ല. ബിഹാറിലുൾപ്പെടെ പുതിയ വിമാനത്താവളങ്ങൾ പ്രഖ്യാപിച്ച സർക്കാർ നിലവിലുള്ള ലാഭകരമായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തോട് മുഖം തിരിക്കുകയാണ്.
ഇന്ത്യയുടെ കാർഷിക മേഖല 2023- 24 സാമ്പത്തിക വർഷം 1.4 ശതമാനം എന്ന നിരക്കിൽ ആണ് വളർന്നത്. 2022 - 23ൽ 4.7ശതമാനം വളർച്ചാ നിരക്കായിരുന്നു കാർഷിക മേഖലയിൽ ഉണ്ടായിരുന്നത്. കന്നുകാലികൾ, മത്സ്യബന്ധനം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ പരമ്പരാഗത വിളകളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായെന്ന് ഇക്കണോമിക് സർവേ പറയുന്നു. പക്ഷേ ഈ മേഖലയ്ക്ക് എന്തു നൽകി എന്നത് ചോദ്യ ചിഹ്നമാണ്.
ഇന്ത്യയ്ക്ക് പ്രതിവർഷം ശരാശരി 78.5 ലക്ഷം തൊഴിലവസരങ്ങൾ കാർഷികേതര മേഖലയിൽ 2030 നുള്ളിൽ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. അതു നടക്കുന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.
സ്വർണം, വെള്ളി, മൊബൈൽ ഫോൺ വില കുറയുന്നു, വസ്ത്രങ്ങളുടെ വില കുറയുന്നു, എന്നാൽ ഇവ മനുഷ്യന്റെ വിശപ്പ് മാറ്റില്ല. ഭക്ഷ്യവിലപ്പെരുപ്പം സർവകാല കൊടുമുടിയിലാണ്. അത് നിയന്ത്രിക്കാനുള്ള പോംവഴികൾ ഒന്നും ധനമന്ത്രി പരാമർശിച്ചില്ല.
ബീഹാർ, ആന്ധ്രാപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങൾക്കായുള്ള പദ്ധതികൾ ഒക്കെയും പ്രഖ്യാപിച്ചപ്പോൾ, കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നുമില്ല. കാൻസർ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയത് സ്വാഗതാർഹമായ തീരുമാനമാണ്. എന്നാൽ ജീവൻ രക്ഷാ മരുന്നുകളുടെ തീരുവ കുറച്ചില്ല. അതുകൊണ്ടുതന്നെ ബഡ്ജറ്റ് കഴിഞ്ഞ പത്ത് വർഷത്തെയും പോലെ കോർപ്പറേറ്റുകൾക്ക് അനുകൂലമായത് തന്നെയെന്ന് മാത്രമല്ല സാധാരണക്കാരന്റെ ഒരു പ്രശ്നത്തെയും അഭിമുഖീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.