1
ഭദ്രൻ.

കോഴിക്കോട്: ഭദ്രന് ഇനി വീടിന്റേയും നാടിന്റേയും ശ്വാസമറിയാം. 12 വർഷത്തിന് ശേഷം ആശാഭവനിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ അമ്പത്തിയാറുകാരൻ. സാമൂഹ്യനീതി വകുപ്പിന്കീഴിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന, പുരുഷൻമാർക്ക് വേണ്ടിയുള്ള ആശാഭവനിൽ ഒരു വ്യാഴവട്ടക്കാലം അന്തേവാസിയായിരുന്നു കോയമ്പത്തൂർ സ്വദേശി ഭദ്രൻ.

വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ അധികൃതർക്ക് ഒന്നുമറിയാത്ത അവസ്ഥയിലാണ് ഭദ്രന് സാമൂഹ്യ പ്രവർത്തകനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുൻ ഉദ്യോഗസ്ഥനുമായ ശിവൻ കോട്ടൂളി സഹായത്തിനെത്തുന്നത്. ശിവന്റെ സഹായത്തോടെ പൊലീസ് സ്റ്റേഷനുകൾ വഴി അന്വേഷിച്ചപ്പോൾ കോയമ്പത്തൂർ സ്വദേശിയാണെന്നറി‌ഞ്ഞു. സ്വന്തം കുടുംബത്തിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ കോയമ്പത്തൂർ സാമൂഹ്യക്ഷേമ ഓഫീസറുമായി ശിവൻ ബന്ധപ്പെടുകയും തുടർന്ന് കോയമ്പത്തൂരിലെ യൂണിവേഴ്സൽ പീസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. 50 ഓളം അന്തേവാസികളുള്ള ആശാഭവനിലെ ഏറ്റവും ശാന്തനായ ആളായിരുന്നു ഭദ്രൻ. ആഘോഷവേളകളിൽ തമിഴ് ശൈലിയിലുള്ള ഡാൻസ് ആയിരുന്നു ഭദ്രന്റെ പ്രത്യേകത. ആശാഭവൻ അധികൃതർ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകിയാണ് ഭദ്രന് നാട്ടിലേക്കയച്ചത്.