aasan
aasan

കോഴിക്കോട്: സ്നേഹം സ്നേഹത്തിന് വേണ്ടി മാത്രമാണെന്ന് ബോദ്ധ്യപ്പെടുത്തിയ കവിയായിരുന്നു കുമാരനാശാനെ ന്ന് എം.എൻ. കാരശ്ശേരി. കോഴിക്കോട് ടൗൺഹാളിൽ കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രണയം മാപ്പാക്കുന്ന മനസ് മലയാളിയ്ക്കില്ല. ഈ സാഹചര്യത്തിലാണ് കുമാരനാശാൻ സ്ത്രീയെ ആണിന് മുകളിൽ കണ്ട് കവിതകളെഴുതിയത്. സമത്വമെന്ന ജനാധിപത്യ മര്യാദ ഇത്രകാലമായിട്ടും മലയാളി മനസിലാക്കിയിട്ടില്ല. കുമാരനാശാന്റെ കവിതകളും ജീവിതവും ഇന്നും പുതുമ നിലനിർത്തുന്നത് അതുകൊണ്ടെല്ലാമാണെന്ന് അദ്ദേഹം പറഞ്ഞു.

കുമാരനാശാൻ ഇക്കാലത്തും പുതുമയുള്ള കവിയാണെന്ന് പ്രഭാഷണം നടത്തിയ കൽപ്പറ്റ നാരായണൻ പറഞ്ഞു. കുമാരനാശാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇപ്പോഴും നടപ്പായിട്ടില്ല. ജാതിവ്യവസ്ഥ ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്നും കേരളത്തിൽ സുശക്തമാണ്. കവിതയിലെ ധാർമികതയും പ്രണയ സങ്കൽപ്പവുമൊന്നും ഉൾക്കൊണ്ടിട്ടില്ല. ഉപേക്ഷിതരെ കുറിച്ചാണ് ആശാൻ എഴുതിയത്. സ്ത്രീകളുടെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാവാൻ അദ്ദേഹം ശ്രമിച്ചു. പ്രണയത്തിലൂടെ ജാതിയെയും പൂർവികരെയും മറികടക്കാൻ കഴിയുമെന്നതുകൊണ്ടാണ് പ്രണയത്തെ കുറിച്ച് ആശാൻ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. യു.കെ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഖദീജ മുംതാസ്, പോൾ കല്ലാനോട്, കെ.പി.സജി, ഡോ.എം. ജ്യോതിരാജ്, വി.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.