മുക്കം: ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനയ്ക്കൊപ്പം സാഹസിക പ്രവർത്തനം നടത്തിയവരെ അഗ്നിരക്ഷാസേന ആദരിച്ചു. പുഴയിൽ സ്ത്രീയെ ആദ്യം കണ്ട ഓട്ടോ യാത്രക്കാരി കൊടിയങ്ങൽ പ്രിയ, ഓട്ടോ ഡ്രൈവർ ദിലീപ്, പുഴയിൽ ഇറങ്ങി നടത്തിയ രക്ഷാപ്രർത്തനത്തിൽ പങ്കാളികളായ ചൂരക്കാട്ട് അഫ്നാസ്, സജീർ എന്നിവരെയാണ് മുക്കം അഗ്നിരക്ഷാരാസേന ആദരിച്ചത്. തൊണ്ടിമ്മൽ താഴത്തുവീട്ടിൽ മാധവിയാണ് കഴിഞ്ഞ ദിവസം ഇരുവഞ്ഞിപ്പുഴയിൽ അകപ്പെട്ടതും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയതും. രക്ഷാപ്രവർത്തകരെ ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പൊന്നാടയണിയിച്ചു. സീനിയർ ഫയർ ഓഫീസർ സി. മനോജ്, സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.