dog

വടകര: നഗരമദ്ധ്യത്തിൽ തെരുവുനായയുടെ കടിയേറ്റ് മൂന്നുപേർ ചികിത്സയിൽ. താഴെഅങ്ങാടി വലിയവളപ്പിൽ നിന്നും അഴിത്തല സ്വദേശികളായ പുല്ലന്റവിട കുനുപ്പാത്തു, മുസല്യരവിട പുതിയപുരയിൽ മഹമൂദ്, വലിയവളപ്പ് സ്വദേശി ഫൈസൽ എന്നിവരെയാണ് ഇന്നലെ രാവിലെ തെരുവുനായ കടിച്ച് ഗുരുതര പരുക്കുകളോടെ ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നഗരസഭയുടെ തെരുവുനായ വന്ധ്യംകരണവും എ.ബി.സി പദ്ധതിയും അവതാളത്തിലായതോടെയാണ് തെരുവുനായകൾ വർദ്ധിച്ചത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തു നിന്നും വാർഡ് കൗൺസിലർ പി റൈഹാനത്തിന്റെ വീട്ടിൽ കയറി മൂന്ന് വയസുകാരിയെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. തെരുവുനായകൾക്ക് സ്വൈര്യവിഹാരം ഒരുക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നഗരസഭ യു.ഡി.എഫ് കൗൺസിൽ പാർട്ടി യോഗം അറിയിച്ചു. വി.കെ അസീസ്, പി.വി ഹാഷിം, പി.കെ.സി അഫ്സൽ, സി.കെ പ്രദീഷൻ എന്നിവർ പ്രസംഗിച്ചു.