കാർഗിൽ വിജയത്തിനൊപ്പം ക്യാപ്റ്റൻ വിക്രമിന്റെ ഓർമ്മകൾക്കും കാൽനൂറ്റാണ്ട് തികയുകയാണ്. കാർഗിലിൽ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച മകനെക്കുറിച്ചുള്ള അഭിമാനമാണ് ലഫ്. കേണൽ പി.കെ.പി.വി. പണിക്കരുടെ ഓരോ ശ്വാസത്തിലും. പണിക്കർ യുദ്ധഭൂമിയിലിരിക്കെ 1973 ഒക്ടോബർ 24 നാണ് കോഴിക്കോട്ട് വിക്രമിന്റെ ജനനം. ഒരു വർഷം കഴിഞ്ഞാണ് വിക്രമിനെ ആദ്യമായി കാണുന്നത്. അതിനേക്കാളേറെ ദെെർഘ്യം തോന്നിയ സമയമായിരുന്നു കാർഗിൽ യുദ്ധകാലമെന്ന് അദ്ദേഹം ഓർക്കുന്നു.
1999 മേയ് നാലിനാണ് വിക്രം അവസാനമായി വീട്ടിലെക്കു വിളിച്ചത്. യുദ്ധം കടുത്തതിനാൽ ഫോൺ ചെയ്യാൻ കഴിയില്ലെന്നും മുന്നോട്ടു പോവുകയാണെന്നും പറഞ്ഞു. പിന്നീട് യുദ്ധത്തിന്റെ കാഠിന്യം വിവരിച്ച് 27 ന് കത്തെഴുതി. ജൂൺ രണ്ടിന് വിക്രമിന് പരിക്കു പറ്റിയെന്നും, അതിനുശേഷം ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചെന്നും അറിഞ്ഞു. ജൂൺ അഞ്ചിന് വിക്രമിന്റെ ഭൗതികശരീരം കോഴിക്കോട്ട് എത്തിച്ചു. ഭാര്യ കല്യാണി പണിക്കരോട് ഉൾപ്പെടെ ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. ബംഗളൂരുവിൽ നിന്നു വരുന്ന വഴിക്ക് രണ്ടാമത്തെ മകനെ എറണാകുളത്തു നിന്ന് ഒപ്പം കൂട്ടി. അതോടെയാണ് എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായത്. വിക്രമിന്റെ മരണശേഷം കാർഗിൽ യുദ്ധവിജയത്തിനായുള്ള കാത്തിരിപ്പ് ജൂലായ് 26 വരെ നീണ്ടുവെന്നും പി.കെ.പി.വി. പണിക്കർ ഓർമ്മിക്കുന്നു.
കോഴിക്കോട്ടു ജനിച്ച്, പഠിച്ച വിക്രമിന് സൈന്യത്തിലേക്ക് സെലക്ഷൻ കിട്ടുന്നതും കോഴിക്കോട് നിന്നാണ്. സെലക്ഷൻ നടന്ന വെസ്റ്റ്ഹില്ലിലെ മൈതാനമാണ് പിന്നീട് ക്യാപ്ടൻ വിക്രം മൈതാനിയായത്. 1965ലെയും 71ലെയും യുദ്ധമുഖത്ത് പോരാടിയതിനെക്കാൾ ക്യാപ്ടൻ വിക്രമിന്റെ അച്ഛനെന്ന ആദരവാണ് ലഭിക്കുന്നതെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
കാർഗിൽ വിജയാഘോഷത്തിന്റെ ഭാഗമായി വിക്രമിന്റെ വിക്രമിന്റെ അമ്മ കല്യാണി പണിക്കർ സൈന്യത്തിന്റെ ക്ഷണമനുസരിച്ച് കാർഗിലിലേക്ക് പോയിട്ടുണ്ട്. യാത്ര ചെയ്യാൻ പ്രയാസമുള്ളതിനാൽ പി.കെ.പി.വി പണിക്കർ പോയിട്ടില്ല. വിക്രം പഠിച്ച കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ഇന്നു നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളുമായി സംവദിക്കും. ഡോ. പി.വി. കേശവാണ് വിക്രമിന്റെ സഹോദരൻ.