1
കോഴിക്കോട് ബീച്ചിലെ ലെെഫ് ‌ഗാർഡുമാർ കുടക്കീഴിൽ

കോഴിക്കോട്: ബീച്ചിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമ്പോഴും സുരക്ഷ ഒരുക്കുന്ന ലെെഫ് ഗാർഡുകൾ ആവശ്യത്തിനില്ല. ബേപ്പൂർ മുതൽ കാപ്പാട് വരെയുള്ള ബീച്ചിലുള്ളത് പത്തുപേർ മാത്രം. പ്രതിദിനം ആയിരത്തോളം ആളുകളെത്തുന്ന കോഴിക്കോട് ബീച്ചിൽ സുരക്ഷയ്ക്ക് മാത്രം 15 ലെെഫ് ഗാർഡെങ്കിലും വേണമെന്നിരിക്കെ വെറും ആറ് പേരാണുള്ളത്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ രണ്ടു ഷിഫ്റ്റുകളിലായാണ് ഇവർ ഡ്യൂട്ടിയിലുണ്ടാവുക. കോന്നാട്, ഭട്ട് റോഡ് ബീച്ച് എന്നിവിടങ്ങളിൽ ലൈഫ് ഗാർഡുകളേയില്ല.

ഉത്സവനാളുകളിൽ അടക്കം രാവിലെ മുതൽ വൈകിട്ട് വരെ കടലിലിറങ്ങുന്നവരെ നിയന്ത്രിക്കാൻ ഓടിനടക്കേണ്ട ഗതികേടിലാണിവർ. മദ്ധ്യവേനലവധിയാകുമ്പോൾ തിരക്ക് ഇരട്ടിയാകും. വേനൽമഴയുടെ തുടക്കത്തിൽത്തന്നെ കടൽക്ഷോഭവും കടലേറ്റവും രൂക്ഷമാകാറുമുണ്ട്. മുന്നറിയിപ്പ് നൽകിയാലും ബീച്ചുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. കൂടുതൽ ഗാർഡുകളെ നിയോഗിക്കണമെന്ന് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

വിശ്രമിക്കാനിടമില്ല

ബീച്ചിൽ എത്തുന്നവരുടെ സുരക്ഷയ്ക്കായി ഓടി നടക്കുന്ന ഇവർക്ക് കടപ്പുറത്ത് വിശ്രമകേന്ദ്രമില്ല. അതി ശക്തമായ മഴയിലും വെയിലിലുമെല്ലാം കടൽതീരത്തെ താത്കാലികമായി കെട്ടിയ കുടക്കീഴിനുള്ളിലാണ് ഇവർ കഴിയുന്നത്. രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങൾ ഈ കുടയുടെ കാലിൽ കെട്ടിയാണ് സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിക്കുന്നതിനാൽ റോപ്പും റെസ്‌ക്യൂട്യൂബും പൊട്ടി കീറിയ നിലയിലാണ്. സർഫ് ബോർഡ്, ജാക്കറ്റ്,സ്ട്രക്ചർ തുടങ്ങിയ ഉപകരണങ്ങൾ കോർപ്പറേഷനിലെ ഡി.ടി.പി.സി അക്വോറിയത്തിന് സമീപമാണ് സൂക്ഷിക്കുന്നത്. അതിനാൽ അപകടം നടന്നാൽ ഉടനടി ഇവയൊന്നും ഉപയോഗിക്കാൻ കഴിയില്ലെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളും വളരെ പരിമിതമാണ്.

സൗത്ത് ബീച്ചിലും പ്രധാന ബീച്ചിലുമായി ആകെയുള്ളത് മൂന്ന് റെസ്ക്യൂ ട്യൂബ് മാത്രമാണ്. ഒഴുക്കിൽപെടുന്നവരെ രക്ഷിക്കാനുള്ള റിമോട്ട് കൺട്രോൾ ബോയയും ഇതുവരെ എത്തിയിട്ടില്ല. അപായ സൂചന അറിയിക്കാൻ ഇവരുടെ കെെവശം മെച്ചപ്പെട്ട ഫ്ലാഗ് പോലുമില്ല.

ആവശ്യങ്ങൾ നിരവധി

ദിവസക്കൂലിക്ക് പണിയെടുക്കുന്ന ലൈഫ് ഗാർഡുകളുടെഎണ്ണം വർദ്ധിപ്പിച്ച് ജോലി സ്ഥിരത ഉറപ്പാക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. കടപ്പുറത്ത് കഠിനമായ വെയിലിലും മഴയിലും ജോലിചെയ്യേണ്ടിവരുന്നുണ്ടെങ്കിലും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഒന്നും തന്നെ ഇവർക്ക് ലഭിക്കുന്നില്ല. 15 വർഷം ജോലി പൂർത്തിയാക്കുന്നവർക്ക് അഞ്ചുലക്ഷം രൂപ നൽകുമെന്ന് സർക്കാർ ലൈഫ് ഗാർഡുകളുടെ യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളുമില്ല. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നും സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

അവധി ദിവസങ്ങളിലെല്ലാം ബീച്ചിൽ നല്ല തിരക്കാണ്. ഈ ആൾബലം വച്ച് ഇത്രയും തിരക്കേറിയ ബീച്ചിൽ എങ്ങനെയാണ് ഞങ്ങൾ സുരക്ഷ ഉറപ്പാക്കുക. അധികൃതർ ഇടപെട്ട് ഇതിെനൊരു പരിഹാരം കാണണം.

മനോജ് കുമാർ,

ലെെഫ് ഗാർഡ്, കോഴിക്കോട് ബീച്ച്