power
power

കോഴിക്കോട്: സർക്കാരിന്റെ അംഗീകാരമുള്ള ദേശീയ ഫെഡറേഷനുകളില്ലാത്തതിനാൽ രാജ്യത്തെ പവർലിഫ്റ്റിംഗ് താരങ്ങൾ പ്രതിസന്ധിയിലാണെന്ന് കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷൻ ഭാരവാഹികൾ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1975 മുതൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ഫെഡറേഷന്റെ അംഗീകാരം അന്തർദേശീയ ഫെഡറേഷന്റെ നിർദ്ദേശപ്രകാരം കേന്ദ്രസർക്കാർ 2017ൽ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ ദേശീയ ഫെഡറേഷൻ ഇല്ലാതായി. തുടർന്ന് 'പവർ ലിഫ്റ്റിംഗ് ഇന്ത്യ' സംഘടനയുടെ ഭാഗമായായിരുന്നു താരങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തത്. എന്നാൽ ഇതിനും അംഗീകാരമില്ലെന്ന് വ്യക്തമായതായി കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

സ്‌പോർട്സ് വകുപ്പ് സസ്‌പെൻഡ് ചെയ്തതിനെ തുടർന്നാണ് പവർ ലിറ്റിംഗ് ഇന്ത്യ എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചത്. നാളിതുവരെ കേന്ദ്ര സർക്കാരിന്റെ അംഗീകാരമില്ലാതെയാണ് സംഘടന പ്രവർത്തിച്ചത്. അന്തർ ദേശീയ മത്സരങ്ങളിൽ സർക്കാരിന്റെ അംഗീകാരമില്ലാതെയാണ് പവർ ലിറ്റിംഗ് ഇന്ത്യ കായികതാരങ്ങളെ ടൂറിസ്റ്റ് വിസയിൽ കൊണ്ടുപോയി മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. കായികതാരങ്ങൾ അവരുടെ യാത്രാപ്പടി ഇനത്തിലും എൻട്രി ഫീസ് ഇനത്തിലും പണം മുടക്കി മത്സരങ്ങളിൽ പങ്കെടുത്തു. കായിക താരങ്ങൾക്ക് പവർ ലിറ്റിംഗ് ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ വ്യാജമായി അംഗീകാരം ഉണ്ടെന്ന് രേഖപ്പെടുത്തുകയാണ് ചെയ്യാറുള്ളതെന്നും അസോസിയേഷൻ ആരോപിച്ചു.

ഇത് സംബന്ധിച്ച് റെയിൽവേ കായികതാരങ്ങൾ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പവർ ലിഫ്റ്റിംഗ് ഇന്ത്യയുടെ സ്ഥാപകനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പവർലിഫ്റ്റിംഗ് ഇന്ത്യയ്ക്കെതിരെ സർക്കാരിൽ പരാതി നൽകുമെന്നും കേരള ഹൈക്കോടതിയിൽ വിചാരണയിലിരിക്കുന്ന റിട്ട് ഹർജികളിൽ കക്ഷി ചേരുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി ജോസഫ് സ്റ്റാലിൻ, പ്രസിഡന്റ് സി.എസ്. ഷൈജു, കെ. പ്രഭാകരൻ, വേണു. ജി. നായർ, പി.വി. രാജീവ് എന്നിവർ പങ്കെടുത്തു.