നാദാപുരം: മാലിന്യങ്ങൾ കത്തിച്ച വർക്ക്ഷോപ്പ് ഉടമയ്ക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് 5000 രൂപ പിഴ ചുമത്തി. കല്ലാച്ചി ടൗണിലെ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ലക്സസ് കാർ വർക്ക്ഷോപ്പിനെതിരെയാണ് നടപടി. രാത്രി സമയങ്ങളിൽ അടക്കം വർക്ക് ഷോപ്പിലെ മാലിന്യങ്ങൾ കത്തിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. ഷാമില അറിയിച്ചു.