കോഴിക്കോട്: ജൽ ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയതായി സബ്കളക്ടർ ഹർഷിൽ.ആർ മീണ ഇന്നലെ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നതിനെ തുടർന്ന് രണ്ട് യോഗങ്ങൾ ചേർന്നിരുന്നു; കരാറുകാരുടെയും എൻജിനീയർമാരുടെയും. ബിൽ കുടിശ്ശികയാണ് കരാറുകാർ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയമെന്ന് സബ്കളക്ടർ പറഞ്ഞു. എങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകൾക്ക് പുറമെ ഗ്രാമീണ റോഡുകളും ഇത്തരത്തിൽ കീറിയശേഷം പ്രവൃത്തി നടത്താത്ത അവസ്ഥയുണ്ടെന്ന് യോഗത്തിൽ കുറ്റ്യാടി എം.എൽ.എ കെ. പി കുഞ്ഞമ്മദ് കുട്ടി ഉന്നയിച്ചു. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കണമെന്ന് ജില്ലാ വികസനസമിതി അദ്ധ്യക്ഷനായ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിർദ്ദേശിച്ചു.
ലോകനാർകാവ് മ്യൂസിയം പദ്ധതി നിർമ്മാണം അടുത്ത ആഴ്ച തുടങ്ങുമെന്ന് വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കിഡ്ക്ക് ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിയ്ക്ക് കീഴിൽ സമഗ്ര കനാൽ നവീകരണത്തിനായി 175 കോടിയുടെ നിർദേശം സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ 45 ഓളം ഗ്രാമപഞ്ചായത്തുകളിലും നിരവധി മുനിസിപ്പാലിറ്റികളും വെള്ളമെത്തിക്കുന്ന പ്രധാന പദ്ധതിയായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പല കനാലുകളും കാലപ്പഴക്കത്താൽ പ്രശ്നങ്ങൾ നേരിടുകയാണ്.
നാലു ഘട്ടങ്ങളിലായി കനാലുകളുടെ നവീകരണ പ്രവൃത്തി നടപ്പാക്കാനാകും. ആദ്യഘട്ടത്തിൽ 45 കോടി രൂപ വേണ്ടിവരുമെന്നാണ് കരുതുന്നത്. മണിയൂരിൽ കെ.എസ്ഇ.ബി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വടകര മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലം യോഗ്യമല്ലെന്നും മറ്റൊരു സ്ഥലം കണ്ടെത്തിയതായും കെ.എസ്ഇ.ബി അറിയിച്ചു. എന്നാൽ വെറുതെ ഭൂമി തരാമെന്ന് മുൻസിപ്പാലിറ്റി പറഞ്ഞ സ്ഥിതിക്ക് അക്കാര്യം ഒന്നുകൂടി പരിശോധിക്കണമെന്ന് കുറ്റ്യാടി എം.എൽ.എ നിർദേശിച്ചു. കുറ്റ്യാടിപക്രംതളം ചുരം റോഡ് പുനരുദ്ധാരണ പ്രവൃത്തി കരാർ നൽകി. മൂന്ന് റീച്ചായാണ് പ്രവർത്തനം നടത്തുക. കുറ്റ്യാടി ബൈപ്പാസിന് ഭൂമി ഏറ്റെടുക്കാൻ ഫണ്ടില്ലെന്ന വാദം എം.എൽ.എ നിഷേധിച്ചു. കിഫ്ബിയിൽ പണം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എ,ഡി.എം അജീഷ് കെ, അസി.കളക്ടർ ആയുഷ് ഗോയൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.