കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെന്നു പറഞ്ഞു അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു. സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്യണം. യോഗത്തിലെടുത്ത തീരുമാനങ്ങൾ ഇടയ്ക്കിടെ മാറ്റുന്നതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാൻടൂൺ കൊണ്ടുവരുന്ന കാര്യത്തിൽ വൈകീട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ കുടുംബത്തെ അറിയിക്കേണ്ടതാണ്. പക്ഷേ അങ്ങനെ ചെയ്യുന്നില്ല. രാജ്യത്ത് ഇതിനുമപ്പുറമുള്ള രക്ഷാ മാർഗങ്ങൾ ഉണ്ടെങ്കിൽ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ല. ദൗർഭാഗ്യകരമായ നിലപാടാണിത്. കേരളത്തിലെ മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.