വടകര: ഭീഷണിയായി ഓർക്കാട്ടേരി സർക്കാർ ആശുപത്രി പരിസരത്തെ മരം. വേരറുത്ത് മാറ്റിയ വന്മരം ഏതു സമയത്തും നിലംപതിക്കാറായി നിൽക്കുകയാണ്. അടുത്തിടെ ആശുപത്രി മതിൽ നിർമ്മാണത്തിനിടയിൽ ഈ മരത്തിൻ്റ ഒരു ഭാഗത്തെ വേരുകൾ മുറിച്ചുമാറ്റിയിരുന്നു. നിത്യേന ചികിത്സക്കായും മറ്റും നൂറുകണക്കിന് ആളുകൾ എത്തുന്ന ആശുപത്രിയാണിത്. പരിസരത്ത് വിവിധ കച്ചവട സ്ഥാപനങ്ങളും തലശ്ശേരി, പാനൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. മരത്തിനടുത്തുകൂടെ ഹൈപവർ വൈദ്യുതിലൈനും കടന്നു പോകുന്നുണ്ട്. റോഡിൽ വിള്ളലുകൾ ഉണ്ടാവുന്നതായും ചെറിയ കാറ്റിൽപ്പോലും ഭയപ്പെടുത്തുന്നതായും കച്ചവടക്കാരും നാട്ടുകാരും പറയുന്നു. ഭീഷണിയായ മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.