fffffffffffffffffffffffff
ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിന്റെ 63ാം ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടിയ സഹപാഠികൾ

കൊടിയത്തൂർ: അപൂർവമായ സ്നേഹസംഗമമാണ് കഴിഞ്ഞ ജൂലായ് 26 ന് താമരശ്ശേരി രൂപതയുടെ അരമനയിൽ നടന്നത്. ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിന്റെ 63ാം ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടിയത് 48 വർഷങ്ങൾക്ക് മുമ്പ് ഒപ്പം പഠിച്ച സഹപാഠികൾ. പത്താം ക്ലാസ് 1975 - 76 ബാച്ചിൽ അദ്ദേഹത്തിനൊപ്പം പഠിച്ച സഹപാഠികളായിരുന്നു പിറന്നാൾ ദിനം സ്നേഹസംഗമമാക്കാൻ അരമനയിലെത്തിയത്. ഏറെ വികാരവായ്‌പോടെയും നിറഞ്ഞ സന്തോഷത്തോടെയുമാണ് ബിഷപ്പ് തന്റെ പഴയ കാല കൂട്ടുകാരെ എതിരേറ്റത്. അരീക്കോട് ഗവ.ഹൈസ്‌കൂളിലായിരുന്നു ബിഷപ്പിന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മലയോര ഗ്രാമങ്ങളിൽ നിന്നുള്ളവർ പോലും ആശ്രയിച്ചിരുന്ന ഒരേയൊരു വിദ്യാലയമായിരുന്നു അത്. മലയും പുഴയും താണ്ടി മഴയും വെയിലും വകവെക്കാതെ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും സ്‌കൂളിലെത്തിയിരുന്ന അന്നത്തെ സഹപാഠികൾക്കിടയിലെ ക്ലാവു പിടിക്കാത്ത സ്‌നേഹ ബന്ധങ്ങളുടെ ഊഷ്മളത ഒരിക്കൽ കൂടി അനുഭവിച്ചറിയുന്നതായിരുന്നു ബിഷപ്പിന്റെ ഇത്തവണത്തെ ജന്മദിനാഘോഷങ്ങൾ.