hhhhh
പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണാർത്ഥം ഒരുക്കുന്ന നക്ഷത്ര വൃക്ഷ തൈങ്ങളുമായി ഭയങ്കാവ് ക്ഷേത്ര തറവാട്ട് അംഗങ്ങളും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രതിനിധികളും.

കോഴിക്കോട്: അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രന്റെ ഓർമ്മയിൽ നക്ഷത്രവനം ഒരുങ്ങുന്നു. അന്തരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം തുടങ്ങിവച്ച പ്രവർത്തനം പൂർത്തീകരിക്കുക എന്ന നിലയിലാണ് നക്ഷത്രവനം ഒരുക്കുന്നത്. മേത്തോട്ട് താഴം പൈക്കാട്ട് കാവിൽ ഭയങ്കാവ് ഭഗവതി ക്ഷേത്രവളപ്പിൽ ആണ് 27 നക്ഷത്രങ്ങളെയും പ്രതിനിധീകരിക്കുന്ന 27 വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചത്. ക്ഷേത്രം തറവാട്ട് അംഗങ്ങളും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രതിനിധികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. 27 വൃക്ഷത്തൈകളും എത്തിച്ചുകൊടുക്കുകയും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തത് വടകര സ്വദേശിയായ എടക്കഴിപ്പുറം ശ്രീരാമൻ നമ്പൂതിരിയാണ്. ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹം നക്ഷത്ര വനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷനായി. ഡോ. പി കെ രജുല, പ്രൊഫ. ശോഭീന്ദ്രന്റെ മകൾ ബോധീകൃഷ്ണ, ഡോ. ദീപേഷ് കരിമ്പുങ്കര, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, കെ വി അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 12 ഏക്കറിലേറെ പരന്നുകിടക്കുന്ന ക്ഷേത്ര വളപ്പിൽ മുകൾഭാഗത്തായാണ് വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചത്. ആദ്യ വൃക്ഷത്തൈ ആയി അശ്വതി നക്ഷത്രത്തെ പ്രതിനിധീകരിക്കുന്ന കാഞ്ഞിരത്തൈ ക്ഷേത്രം കാരണവർ പൈക്കാട്ടുകാവിൽ ബാലകൃഷ്ണൻ നട്ടു. ഏതെങ്കിലും വൃക്ഷത്തൈ നശിച്ചു പോയാൽ പകരം എത്തിച്ചു നൽകുമെന്ന് ശ്രീരാമൻ നമ്പൂതിരി ഉറപ്പുനൽകി.