3
മുളിയങ്ങല്‍ കനാല്‍ റോഡിൽ കടപുഴകിയ മരം

പേരാമ്പ്ര: ഇന്നലെ കാലത്ത് വീശിയടിച്ച കനത്ത കാറ്റിൽ കിഴക്കൻ മലയോരത്ത് വ്യാപക നാശനഷ്ടങ്ങൾ .

നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി വീണു. പ്രധാന റോഡുകളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂർ 17,18 വാർഡുകളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ പുത്തൂർ കല്യാണിയുടെ വീടിന് മുകളിൽ തെങ്ങ് വീണു. ചെറിയ കോങ്ങോട്ടു മുസ്തഫയുടെ വീടിന് മുകളിൽ മരം മുറിഞ്ഞു വീണ് വീടിന് കേടുപാട് സംഭവിച്ചു. കോങ്ങോട്ടു പോക്കറുടെ വാഴകൾ നശിച്ചു. കോങ്ങോട്ടു മജീദിന്റെ റബ്ബർ മരങ്ങൾ മുറിഞ്ഞു വീണു. പുതുക്കേപ്പുറത്ത് കുഞ്ഞബ്ദുള്ളയുടെ വീടിനോട് ചേർന്ന് തേക്ക്,റബ്ബർ എന്നിവ കാറ്റിൽ കടപുഴകി.

മേഖലയിൽ ഇലക്ട്രിക് ലൈനിൽ മരങ്ങൾ വീണ് വൈദ്യുതി തടസം ഉണ്ടായി. എടവരാട് ചേനായി പുതിയടുത്ത് മീത്തൽ സുമയുടെ വീടിനു മുകളിൽ തേക്കുമരം കടപുഴകി വീണു. ചക്കിട്ടപാറ,നടുവണ്ണൂര്‍,നൊച്ചാട് പേരാമ്പ്ര പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ വീണ മരങ്ങള്‍ ഫയർഫോഴ്സ് മുറിച്ചു നീക്കി. ചെറുവണ്ണൂർ കൊളോറികണ്ടി താഴെകുനി മൊയ്തിയുടെ വീടിന് മുകളിൽ മാവ് കടപുഴകി വീണു. ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.