പേരാമ്പ്ര: കുടിവെള്ള പൈപ്പുകളുടെ ചോർച്ച അടയ്ക്കാത്തതു കാരണം ചങ്ങരോത്ത് മേഖലയിൽ ബാരൽ കണക്കിന് കുടിവെള്ളം പാഴാകുന്നതായി പരാതി. ഒഴുകിയെത്തുന്ന കുടിവെള്ളം റോഡിൽ കെട്ടിനിൽക്കുന്നത് കാരണം
റോഡുകളും തകർച്ചയുടെ വക്കിലാണ്. കോക്കാട് റോഡിലെ ഇരുകുളങ്ങര പൂച്ചക്കുന്ന്, കോക്കാട് ക്ഷേത്രത്തിന് സമീപം, ചങ്ങരോത്ത് എം.യു.പി.സ്ക്കൂൾ റോഡ്, ലാസ്റ്റ് പന്തിരിക്കര എന്നിവിടങ്ങളിലാണ് കുടിവെള്ള ചോർച്ച തുടർക്കഥയാവുന്നത്. എം.യു.പി.സ്ക്കൂൾ റോഡിൽ മാസങ്ങളായി തുടരുന്ന പൈപ്പ് ചോർച്ച ഇതുവരെയും പരിഹരിച്ചിട്ടില്ല. ഇവിടെ ഒരു മാസം മുമ്പാണ് റോഡ് ടാറിംഗും സൈഡ് കോൺക്രീറ്റും നടന്നത്. പൈപ്പ് നന്നാക്കണമെങ്കിൽ സൈഡ് കോൺക്രീറ്റ് കുത്തിപ്പൊളിക്കേണ്ട അവസ്ഥയാണെന്ന് സമീപവാസികൾ പറഞ്ഞു. ജല അതോറിറ്റി പതിറ്റാണ്ടുകൾക്ക് മുമ്പ് നൽകിയ കാലപ്പഴക്കം ചെന്ന പൈപ്പാണ് ഈ റോഡിൽ നിരന്തരമായി പൊട്ടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
പെരുവണ്ണാമൂഴി റോഡിൽ ലാസ്റ്റ് പന്തിരിക്കരയിൽ രണ്ട് സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയത് മാസങ്ങളേറെയായിട്ടും നന്നാക്കിയിട്ടില്ല. പൈപ്പുകളുടെ ചോർച്ച ഉടൻ പരിഹരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിയാൽ കുടിവെള്ള ചോർച്ചതടയാൻ കഴിയും. അത് വഴി റോഡു തകരുന്നതിനും പരിഹാരമാകും.
എം.പി പ്രകാശൻ
സാമൂഹ്യ പ്രവർത്തകൻ