hygt
ഇലന്തുകടവിൽ നടന്ന പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപനത്തിൽ മന്ത്രി ഒ.ആർ കേളു വിജയികളോടൊപ്പം

കോഴിക്കോട്: മലയോരമേഖലയ്ക്ക് ഉത്സവച്ഛായ പകർന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഇലന്തുകടവിൽ ഉജ്വല സമാപനം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിൽ ന്യൂസിലാൻഡിൽ നിന്നുള്ള മനു വിങ്ക് വാക്രനഗൽ റാപ്പിഡ് രാജയായും ജർമ്മനിക്കാരി മരീസ കൗപ് റാപ്പിഡ് റാണിയുമായും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും 1,20,000 രൂപ വീതമുള്ള ചെക്ക് പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രി ഒ ആർ കേളുവിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച ഇന്ത്യൻ പാഡ്ലർ വനിത വിഭാഗത്തിൽ നൈന അധികാരിയും (ഉത്തരാഖണ്ഡ്), പുരുഷ വിഭാഗത്തിൽ അമിത് ഥാപ്പയുമാണ് (ഉത്തരാഖണ്ഡ്). സമാപനം മന്ത്രി കേളു ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ് സ്വാഗതവും വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ നന്ദിയും പറഞ്ഞു.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെ.എ.ടി.പി.എസ്, ഡി.ടി.പി.സി, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ജൂലൈ 25 മുതൽ നാല് നാൾ മലബാർ റിവർ ഫെസ്റ്റിവൽ നടന്നത്. ചാലിപ്പുഴയ്ക്കും ഇരുവഞ്ഞിക്കും പുറമെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീൻതുള്ളിപ്പാറയും കയാക്കിംഗിന് വേദിയായി. സ്വദേശികൾക്ക് പുറമെ, ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 15 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിഞ്ഞത്. ഒരു മാസം മുമ്പ് തുടങ്ങിയ പ്രീ-ഇവന്റുകൾ 8 ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലുമായി സജീവ ജനപങ്കാളിത്തത്തോടെ നടന്നു.