vote
തിരഞ്ഞെടുപ്പ്

കോഴിക്കോട്: ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് , ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടർമാരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിനു പകരം നടുവിരലിലാണ് മഷി പുരട്ടുക. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മായാത്തതിനാലാണ് മാറ്റം. വോട്ടെണ്ണൽ ജൂലായ് 31 ന് രാവിലെ പത്തിന് തുടങ്ങും.
ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് പാറക്കടവ് ഡിവിഷൻ (ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാർഡുകൾ ഉൾപെട്ടതും തൂണേരി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാർഡുകൾ ഉൾപെട്ടതും), കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി, ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് എന്നീ വാർഡുകളുടെ പരിധിക്കുള്ളിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു സമ്പൂർണ മദ്യനിരോധനം എർപ്പെടുത്തിയിട്ടുണ്ട്.