കോഴിക്കോട്: നാലു വയസുകാരനും കോഴിക്കോട്ട് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ കുട്ടിക്കാണിത്.
ഇതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി.
ഇന്നലെ സ്ഥിരീകരിച്ച കുട്ടിക്ക് രോഗലക്ഷണം തുടങ്ങി 24 മണിക്കൂറിനകം തന്നെ ചികിത്സ നൽകാൻ കഴിഞ്ഞതിനാൽ അപകടനില തരണം ചെയ്തു. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റി. പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജർമനിയിൽ നിന്നെത്തിച്ച മിൽറ്റിഫോസിൻ എന്ന മരുന്നുൾപ്പെടെയാണ് നൽകുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരൻ വെന്റിലേറ്ററിൽ തുടരുകയാണ്.
ഈ വർഷം സംസ്ഥാനത്ത് ഇതുവരെ ഏഴു കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 15കാരനായ തിക്കോടി സ്വദേശി കഴിഞ്ഞയാഴ്ച രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടിയ ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു ഇത്. ഈ വർഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് മരിച്ചത്.