കോഴിക്കോട്: രാജ്യത്തിന്റെ മുഖ്യശത്രു ബി.ജെ.പിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വംശീയവും വർഗീയവും ശാസ്ത്ര വിരുദ്ധവുമായ സംഘപരിവാർ ആശയത്തിനെതിരായ ഇന്ത്യൻ ജനതയുടെ ഉണർവാണ് ലോക് സഭാ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും ഐ.എൻ.എൽ കോഴിക്കോട് സംഘടിപ്പിച്ച ' പൊളിറ്റിക്കൽ വർക്ക് ഷോപ്പ്' ഉദ്ഘാടനം ചെയ്ത് ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യശത്രുവിനെ നേരിടാൻ യോജിച്ച നീക്കം വേണമെന്ന് സി.പി.ഐ നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. കോർപ്പറേറ്റ് അനുകൂല, വർഗീയ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിക്കെതിരെ ഇന്ത്യ സഖ്യം ശക്തമായ പോരാട്ടമാണ് നടത്തിയത്. കോർപ്പറേറ്റുകൾക്ക് ചൂഷണത്തിന് പാകമായ മണ്ണ് ഒരുക്കുക എന്നതാണ് ഫാസിസത്തിന്റെ ജൈവ ദൗത്യം. നരേന്ദ്ര മോദി നിർവഹിക്കുന്നതും ഈ ഉത്തരവാദിത്വമാണ്. മോദിയും നെതന്യാഹുവുമെല്ലാം ഒരു നുകത്തിൽ കെട്ടാൻ കഴിയുന്നവരാണ്. ചരിത്രത്തിന്റെ നിർണായക സന്ധിയിൽ സേട്ട് രൂപീകരിച്ച ഐ എൻ എല്ലിന്റെ രാഷ്ട്രീയ പ്രസക്തി അടിവരയിടുന്നതാണ് വർത്തമാനകാല ഇന്ത്യൻ സാഹചര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. 'ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ കെ.ടി.കുഞ്ഞിക്കണ്ണൻ ക്ലാസെടുത്തു. വിവിധ സെഷനുകളിൽ അഷ്രഫ് അലി വല്ലപ്പുഴ, എം.ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.