കോഴിക്കോട്: രാപ്പകലില്ലാതെ പെയ്യുന്ന മഴയിൽ നാടും നഗരവും മുങ്ങി. കൈത്തോടുകൾ നിറഞ്ഞ് കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകളിലെ ഉൾനാടുകൾ വെള്ളത്തിലായി. തിങ്കളാഴ്ച രാവിലെ മുതൽ തുടങ്ങിയ മഴയാണ് തോരാതെ പെയ്യുന്നത്. റെഡ് അലർട്ടായിരുന്ന ഇന്നലെ ഉച്ചവരെ ഇടവിട്ടും ഉച്ചയ്ക്ക് ശേഷം ഇടതടവില്ലാതെയും മഴ ശക്തമായി. ബാലുശ്ശേരി, താമരശ്ശേരി, മുക്കം. തിരുവമ്പാടി, കുറ്റ്യാടി, കൂരാച്ചുണ്ട്, നാദാപുരം, വിലങ്ങാട് തുടങ്ങിയ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. വിലങ്ങാട് ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. റോഡുകളിലേക്കും വീടുകൾക്ക് മുകളിലേക്കും വ്യാപകമായി മരം വീണിരിക്കുകയാണ്. മരം വീണ് പലയിടങ്ങളിലും വെെദ്യുതി തടസപ്പെട്ടു. കൈതപ്പൊയിൽ ആനോറമ്മൽ വള്ളിയാട് റോഡിൽ രൂക്ഷമായ മണ്ണിടിച്ചിലുണ്ടായി . കടന്തറ പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് പൃക്കന്തോട്, സെന്റർ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെൽട്ടറിലേക്ക് മാറ്റി.
കക്കയം ഡാമിൽ ഷട്ടർ ഉയർത്തി
കക്കയം ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാൽ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാലടി വീതം ഉയർത്തി. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
ബസ് സർവീസുകൾ നിറുത്തി
പലയിടത്തും വെള്ളം കയറി റോഡുകൾ മുങ്ങിയതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലേക്കുള്ള ബസ് സർവീസുകൾ താത്കാലികമായി നിറുത്തി. ബാലുശ്ശേരി- കോഴിക്കോട്, നരിക്കുനി, ചെറുകുളം, പയമ്പ്ര, താമരശ്ശേരി റൂട്ടുകളിലെ ബസ് സർവീസുകളാണ് പലതും നിറുത്തിവെച്ചത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് കടത്തി വിട്ടത്.
എങ്ങും വെള്ളക്കെട്ട്
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മാവൂർ, മാനാഞ്ചിറ, സ്പോർട്സ് കൗൺസിൽ പരിസരം, സ്റ്റേഡിയം ജംഗ്ഷൻ, വേങ്ങേരി തടമ്പാട്ട് താഴം തുടങ്ങിയ റോഡുകളെല്ലാം വെള്ളത്തിനടിയിലായി.കാക്കൂർ, കക്കോടി, കാരപ്പറമ്പ്, പറമ്പിൽ ബസാർ, ചേളന്നൂർ, ചെലപ്രം, കൊയിലാണ്ടി തുടങ്ങിയ ഗ്രാമങ്ങൾ പലതും വെള്ളത്തിനടിയിലായി. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ ഓടകൾ നിറഞ്ഞ് നിരത്തുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ടായി. ജില്ലയിൽ കടൽക്ഷോഭ ഭീഷണിയും ശക്തമായിട്ടുണ്ട്.
വിനോദ സഞ്ചാര
കേന്ദ്രങ്ങളിൽ വിലക്ക്
മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പാട് ബീച്ച്, കക്കയം, കരിയാത്തുംപാറ, വടകര സാന്റ്ബാങ്ക്സ്, അരിപ്പാറ വെള്ളച്ചാട്ടം, തുഷാരഗിരി തുടങ്ങിയ ഇടങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും നിർദ്ദേശിച്ചു.
ജാഗ്രത വേണം
കടൽ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.ഉറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവർ സുരക്ഷാ മുൻകരുതൽ എടുക്കണം. അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ,പോസ്റ്റുകൾ,ബോർഡുകൾ എന്നിവ നീക്കണം. പുഴകളിൽ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കും ഇറങ്ങാൻ പാടില്ല. മലയോര മേഖലയിലേക്കും ടൂറിസ്റ്റ് ഇടങ്ങളിലേക്കുമുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം.
56 ദുരിതാശ്വാസ
ക്യാംപുകളിലായി 2869 പേര്
കോഴിക്കോട് ജില്ലയിൽ ആകെ 56 ക്യാംപുകളിലായി 2869 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംപുകള്കോഴിക്കോട് താലൂക്ക് 18 (1076 പേർ)
വടകര താലൂക്ക് 13 (849 പേർ)
കൊയിലാണ്ടി താലൂക്ക് 10 (319 പേർ)
താമരശ്ശേരി താലൂക്ക് 15 (625 പേർ)
ഹാർബറിൽ ജലനിരപ്പ് ഉയരുന്നു ഭീതിയിൽ ബോട്ടുടമകൾ
ബേപ്പൂർ: ചാലിയാർ കരകവിഞ്ഞതിനെ തുടർന്ന് ഹാർബറിൽ അഞ്ചടിയോളം ജലനിരപ്പ് ഉയർന്നു. ഒഴുക്കിൽ നങ്കൂരമിട്ട ബോട്ടുകൾ കൂട്ടമായി കടലിലേക്ക് ഒഴുകി പോകുമോ എന്ന ഭീതിയിലാണ് മത്സ്യ തൊഴിലാളികൾ.,കഴിഞ്ഞ ദിവസം ശക്തമായ അടിയൊഴുക്കിനെ തുടർന്ന് കപ്പൽ പൊളി ശാലക്ക് സമീപം നങ്കൂരമിട്ട ഫൈബർ വള്ളങ്ങൾ കൂട്ടമായി ഒഴുകിപ്പോയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
മലയോരത്ത് വെള്ളപ്പൊക്കം
@ കുറ്റ്യാടി, മരുതോങ്കര, വേളം കാവിലുംപാറ, കായക്കൊടി,നരിപ്പറ്റ പഞ്ചായത്തുകളിലെ ഒട്ടേറെ പ്രദേശങ്ങളിൽ വെള്ളം കയറി
@ മരുതോങ്കര പഞ്ചായത്തിലെ കൊറ്റോത്ത് ഭാഗത്ത് നാല് വീടുകളിൽ വെള്ളം കയറി
@ വേളം ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശം പൂർണമായും ഒറ്റപ്പെട്ടു.
@ കുറ്റ്യാടി തൊട്ടിൽപാലം ഭാഗത്തെ റോഡിൽ വെള്ളം കയറി ഗതാഗതം നിശ്ചലമായി,
@ കാവിലുംപാറ പഞ്ചായത്തിലെ ചോയിചുണ്ട് ഭാഗത്ത് തൊട്ടിൽപാലം പുഴയിൽ നിന്ന് വെള്ളം കയറി 25 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
@ നരിപ്പറ്റ പഞ്ചായത്തിലെ പാറവട്ടം ഭാഗത്ത് നിന്ന് 20 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
@ കുണ്ട് തോട് മുല്ലാട്ട് മീത്തൽ രാജീവിന്റെ വീട്ട് മുറ്റം ഇടിഞ്ഞു വീണു.
@ കുന്നുമ്മൽ പഞ്ചായത്തിലെ വട്ടക്കാട്, മാണിയോത്ത് താഴ വീടുകളിൽ വെള്ളം കയറി 12 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
@ കായക്കൊടി പഞ്ചായത്തിലെ ഓത്തിയോട് ഭാഗത്ത് 10 വീടുകളിൽ വെള്ളം കയറി.
@ ഉല്ലാസ് നഗർ, മുരിപ്പാലം കണ്ണം കൈ ഭാഗങ്ങളിലും വെള്ളം കയറി.
@ കുറ്റ്യാടി പഞ്ചായത്തിലെ നിടൂരിലെ നെല്ലിയുള്ളതിൽ സുരേന്ദ്രന്റെ വീട് മണ്ണിടിച്ചിൽ ഭീഷണിയിൽ.
കക്കയം ഡാമിൽ റെഡ് അലർട്ട്
കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ കൈകൊളളണമെന്നും കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.