ബേപ്പൂർ: ഇന്ന് അർദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ ഹാർബർ വീണ്ടും സജീവമാകും. 450 ലധികം ബോട്ടുകളാണ് ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് സജ്ജമായിരിക്കുന്നത്. ബോട്ടുകളിൽ ഐസും ഇന്ധനവും കുടിവെള്ളവും നിറക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ഈ സീസണിൽ പ്രധാനമായും ചുവന്ന കോര (പുയ്യാപ്ലക്കോര), വെമ്പിളി , കലുവക്കോര എന്നീ മത്സ്യങ്ങളാണ് ബോട്ടുകൾക്ക് ലഭിക്കാറുള്ളത്. ഹാർബറിലെ സ്ഥല പരിമിതിമൂലം 70 ശതമാനം ബോട്ടുകളും കരുവൻതിരുത്തി ഭാഗത്താണ് നങ്കുരമിട്ടത്. ഹാർബറിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഓടകൾ ഇപ്പോഴും വൃത്തിഹീനമായ നിലയിലാണ് . ലേലപ്പുരയുടെ തെക്ക് ഭാഗത്ത് ഉപയോഗശൂന്യമായ ഐസ് പ്ലാന്റും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഹാർബറിലെ കവാടത്തിൽ മാത്രമാണ് ചെറിയ തോതിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. ഹാർബറിലെ ടോൾ പിരിക്കുന്നവർ ശുചീകരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം.
ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയ്ക്ക് സർക്കാർ ഫണ്ട് അനുവാദിക്കാത്തതിനാലാണ് ഹാർബറിലെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. ഇന്ത്യയിൽ നിന്ന് അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്ക് ചെമ്മീൻ ഇറക്കുമതി നിറുത്തിയ വിഷയത്തിലും തീരുമാനമായിട്ടില്ല. ട്രോളിംഗ് നിരോധനത്തിന് ശേഷം കരക്കെത്തിക്കുന്ന മത്സ്യങ്ങൾക്ക് വേണ്ടത്ര വില കിട്ടുമോ എന്ന ആശങ്കയിലാണ് മത്സ്യ തൊഴിലാളികൾ. ഫിഷറീസ് വകുപ്പ് അതിഥി തൊഴിലാളികൾക്ക് ലേബർകാർഡ് നൽകി വരുന്നുണ്ട് കഴിഞ്ഞ വർഷം മത്സ്യം വിറ്റ വക യിൽ കോടികളുടെ കുടിശ്ശിക മൂലം ബോട്ടുടമകളും ഏജന്റുമാരും വൻ പ്രതിസന്ധി നേരിടുകയാണ്. കൊച്ചിയിലെ മത്സ്യം കയറ്റുമതി കമ്പനികൾ യഥാസമയം പണം നൽകാത്തതിനാലാണ് ഏജന്റുമാരും മത്സ്യ തൊഴിലാളികളും പ്രതിസന്ധിയിലായത്.