മേപ്പാടി: കാടും മലയും തകർത്തെറിഞ്ഞെത്തിയ ദുരന്തത്തിന്റെ നടുക്കത്തിലാണ് ചൂരൽമല പുതിയപറമ്പത്ത് മുഹമ്മദ് കുട്ടി. അയൽപക്കത്തെ വീടുകൾ തകർത്ത് അവിടെയുള്ളവരെയെല്ലാം കോരിയെടുത്ത് മലവെള്ളം കുത്തിയൊഴുകിയപ്പോൾ ഉറക്കപ്പായയിൽ നിന്ന് ഭാര്യയെയും മകനെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പുലർച്ചെ വീട് തിരക്കി എത്തിയപ്പോൾ പാതി തകർന്നിരുന്നു. മുറ്റത്തെ സ്‌കൂട്ടറുകൾ ഒലിച്ചുപോയി. ഒഴുകുയെത്തിയ വൻമരങ്ങൾ, മാനിന്റെ ജഡം. അതിനെ കെട്ടിപ്പുണർന്നപോലെ ഒരു പശുകുട്ടിയും.
മുഹമ്മദ് കുട്ടി ഓർക്കുന്നു- 'പുലർച്ചെ രണ്ടേകാലോടെ അതിശക്തമായി എന്തോവന്നിടിച്ച് മതിൽ തകരുന്ന ശബ്ദം. പിന്നാലെ നിലയ്‌ക്കാത്ത നിലവിളി. കറണ്ട് തലേന്നേ നിലച്ചിരുന്നു. ടോർച്ച് തെളിച്ചപ്പോൾ തൊട്ടു മുന്നിലുണ്ടായിരുന്ന രണ്ട് വീടുകൾ കാണാനില്ല, അവിടെയുള്ളവരെയും. വീടിന്റെ മുറ്റം കഴിഞ്ഞാൽ വയനാട് ജില്ലാ പഞ്ചായത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളാണ്. അതിന്റെ ചുവരുകൾ കാണാനില്ല. പിന്നെ ഒന്നും നോക്കിയില്ല, ഭാര്യ സുമയെയും മകൻ സനൽ മുഹമ്മദിനെയും കൂട്ടി ഇരുട്ടിൽ തപ്പിതടഞ്ഞ് വീടിന്റെ പിന്നിലെ വലിയകുന്ന് കയറി രക്ഷപ്പെട്ടു. അപ്പോഴേക്കും അയൽ വീട്ടിൽ നിന്ന് അനുജൻ നാസറും ഭാര്യയും മൂന്നരവയസുകാരൻ മകനുമെത്തി. എങ്ങനെയോ ജീവൻ തിരിച്ചുകിട്ടിയതാണ്. ഇപ്പോൾ അവരെല്ലാം ബന്ധുവീടുകളിലാണ്. മുണ്ടൈക്കയത്തു നിന്ന് പുറപ്പെട്ട് ചൂരൽമല വഴി പോകുന്ന ചെറിയ പുഴയാണിത്. ഓർമ്മയിൽ ഇന്നേവരെ സംഹാര രൂപിണിയായി പുഴ ഒഴുകിയിട്ടില്ല. പുഴ കൊണ്ടുപോയവരിൽ പലരും അടുത്ത സുഹൃത്തുകളാണ്- നടുക്കത്തോടെ മുഹമദ് കുട്ടി പറയുന്നു.