മേപ്പാടി: സമയം രാത്രി 1.15. വീട് ഒന്നാകെ പ്രകമ്പനം കൊള്ളുകയും പാറകൾ കൂട്ടിമുട്ടുന്നതിന്റെ ശബ്ദവും വെള്ളത്തിന്റെ ഇരമ്പലും കേട്ടാണ് വെള്ളാർമല സ്‌കൂളിന് സമീപത്തെ ഇലപ്പുള്ളി അൻവർ ഞെട്ടിയുണർന്നത്. പുത്തുമല ദുരന്തം മനസിൽ മിന്നി മറഞ്ഞതോടെ ഭാര്യയെയും മക്കളെയും കൂട്ടി വീടിന്റെ പിൻഭാഗത്തുകൂടി മുകളിലേക്ക് ഓടി. നിമിഷനേരം കൊണ്ട് വീട് വെള്ളത്തിൽ മുങ്ങി.
കോരിച്ചൊരിയുന്ന മഴയും കോടയും കാരണം ഒന്നും കാണാൻ കഴിയുമായിരുന്നില്ല. കിട്ടാവുന്ന ആളുകളെയെല്ലാം വിളിച്ച് സഹായം അഭ്യർത്ഥിച്ചു. അതിനിടെ രണ്ടുതവണ കൂടി മേഖല പ്രകമ്പനം കൊണ്ടു. വീണ്ടും ഉരുൾപൊട്ടിയതാണെന്ന് മനസിലായി. തന്റെ വീടിന് സമീപത്തെ പതിന്നാലോളം വിടുകളും വെള്ളാർമല ടൗണും വെള്ളത്തിൽ മുങ്ങിയ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്- ഹൃദയം നുറുങ്ങുന്ന വേദനയോടെ അൻവർ പറഞ്ഞു.
മുണ്ടക്കൈ അട്ടമല ഭാഗത്തേക്ക് വെള്ളാർമലയിൽ നിന്ന് പോകുന്ന പാലം കാണാനില്ല. സ്‌കൂളുമില്ല. സമീപത്തുണ്ടായിരുന്ന ശിവക്ഷേത്രവും വെള്ളത്തിൽ മുങ്ങി. വീടുകളിലുണ്ടായിരുന്ന എത്രപേർ രക്ഷപ്പെട്ടെന്ന് ഒരു വിവരവുമില്ല. വെള്ളാർമല സ്‌കൂളിന് സമീപത്തെ നസീർ, ഉനൈസ്, സുരേഷ്, ജഗദീഷ്, മഹേഷ്, വാസു, വിജയൻ, ഷാജി, മനോജ് എന്നിവരുടെ വീടുകൾ നിന്നിടം പുഴയായി മാറി.
മുണ്ടകൊല്ലി, പുഞ്ചരിവട്ടം, അമ്പലകുന്ന്, വനറാണി തുടങ്ങിയ മേഖലകളിലാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് അറിയുന്നത്. മേപ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെട്ട പ്രദേശമാണ്. സ്‌കൂൾ കുന്നു മുതൽ പട്ടവാടിക്കുന്നു വരെയുള്ള സ്ഥലം. ഇവിടെയാണ് ഉരുൾപൊട്ടൽ വ്യാപക നാശം വിതച്ചത്. തോട്ടം തൊഴിലാളികൾ കൂടുതൽ അധിവസിക്കുന്ന പ്രദേശമാണ്. മേഖലയിൽ ഇരുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്.