landslide

മേപ്പാടി: മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിൽ നിന്നുള്ള തോട്ടം തൊഴിലാളികൾ വെള്ളവും ഭക്ഷണവുമില്ലാതെ അട്ടമലയിലെ ഇരുട്ടിൽ കഴിഞ്ഞത് രണ്ട് നാൾ. ഒടുവിൽ സേനയുടെ കൈകൾ പിടിച്ച് ജീവിതത്തിലേക്ക്. ചൂരൽമല പുഴയ്ക്ക് കുറുകെ താത്കാലിക നടപ്പാലം കെട്ടിയാണ് സെെന്യവും സന്നദ്ധ പ്രവർത്തകരും തൊഴിലാളികളെ കരക്കെത്തിച്ചത്. ആകെ 108 പേർ.

അട്ടമലയിലെ തേയില തോട്ടത്തിൽ നാലുവർഷമായി ജോലി ചെയ്യുന്നവരാണ്. കനത്ത മഴയും കാറ്റും വെെദ്യുതിബന്ധം വിച്ഛേദിച്ചു. പിറ്റേന്ന് പുലർച്ചെ ഉരുൾപ്പൊട്ടലും. രക്ഷപ്പെടാൻ അവർക്ക് മുന്നിലെ ഏക വഴി ചൂരൽമല -മുട്ടകെെ പാലമായിരുന്നു. മലവെള്ളം പാലത്തെ തകർത്തെറിഞ്ഞതോടെ തീർത്തും ഒറ്റപ്പെട്ടു. ഫോണുകൾ നിശ്ചലമായതോടെ എസ്റ്റേറ്റ് അധികൃതരെയും ബന്ധപ്പെടാനായില്ല. തദ്ദേശീയരായ ആരോ പറഞ്ഞാണ് പുറംലോകം അറിയുന്നത്. പക്ഷേ, രക്ഷിക്കാൻ വഴികളേതുമില്ല. കേന്ദ്ര സേനയെ വിവരമറിയിച്ചതോടെ പുഴയ്ക്ക് കുറുകെ മരങ്ങളും പലകകളുമിട്ട് താത്കാലിക പാലം കെട്ടി. എട്ടംഗ സംഘം പാടികളിലെത്തി. കെെക്കുഞ്ഞുങ്ങളെ അവർ വാരിയെടുത്തു. അവശ്യ സാധനങ്ങളുമായി കൂടെ തൊഴിലാളികളും.