കോഴിക്കോട്: കലി തുള്ളി പെയ്ത മഴയ്ക്ക് ഇന്നലേയും ശമനമില്ല. നിറുത്താതെ പെയ്യുന്ന മഴയിൽ കഴിഞ്ഞ ദിവസം വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വീണ്ടും വെള്ളം കയറി. ഇതോടെ ഇവിടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി. വ്യാപക നാശനഷ്ടമാണുണ്ടായത്. വിലങ്ങാട് ഉരുൾ പൊട്ടലിൽ കാണാതായ മാത്യു എന്നയാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പുഴകളും തോടുകളും കരകവിഞ്ഞ് ഒഴുകിയതോടെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പലയിടത്തും വെെദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. കനത്ത മഴ ജന ജീവിതത്തെ സാരമായി ബാധിച്ചു. മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. രാവിലെ ജില്ലയിൽ മഴ കുറവായിരുന്നുവെങ്കിലും 12 മണിയോടെ വീണ്ടും ശക്തമായി.
നഗരത്തിൽ കനത്ത് പെയ്തില്ലെങ്കിലും മുക്കം, തിരുവമ്പാടി, ആനക്കാംപൊയിൽ, ബാലുശ്ശേരി, കൂരാച്ചുണ്ട് തുടങ്ങിയ ഇടങ്ങളിൽ കനത്ത് പെയ്തു. പുനൂർ പുഴ ഒഴികെയുള്ള പുഴകളിൽ ജലനിരപ്പ് കുറഞ്ഞുവരുന്നുണ്ട്. പൂനൂർ പുഴയിൽ ജലനിരപ്പ് കൂടിയതിനെ തുടർന്ന് വേങ്ങേരി, കണ്ണാടിക്കൽ ഭാഗങ്ങളിൽ നിന്ന് തീരവാസികളെ ഒഴിപ്പിച്ചു. മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയാണ് മലയോരജനതയുടെ ഉറക്കംകെടുത്തുന്നത്. കാർഷിക മേഖലയാകെ വെള്ളക്കെട്ടിൽ മുങ്ങി. വ്യാപക കൃഷി നാശവുമുണ്ട്.കോട്ടൂളി വല്ലേജിലെ ജിഷ്ണു ഇ എന്ന വ്യക്തി വയനാട് ചൂരൽ മലയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനലേക്ക് ജോലിക്ക് പോയിരുന്നു. ഉരുൾപൊട്ടലിനു ശേഷം ഇയാളെ കുറിച്ച് വിവരമില്ല. പൂളക്കോട് വല്ലേജിൽ നായർകുഴി ഏഴിമല റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പന്തലായനി വല്ലേജ് കുന്നയോര മലയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് പ്രദേശവാസികളെ ക്യാംപലേക്ക് മാറ്റി.
ജില്ലയിൽ പെയ്തത്
ജില്ലയിൽ ഇന്നലെ വെെകീട്ട് വരെ പെയ്തത് 185.9 മില്ലീ മീറ്റർ മഴ. ചൊവ്വാഴ്ച വെെകീട്ട് വരെ പെയ്തത് 855 മില്ലിമീറ്ററാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് കുറവാണ്.
ക്യാമ്പിലുള്ളവർ ശ്രദ്ധിക്കണേ
കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്നവർക്ക് മുന്നറിയിപ്പുമായി ജില്ലാ ആരോഗ്യവകുപ്പ്.
ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിക്ഷേപിക്കുക.
ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്തവിധം അടച്ചു സൂക്ഷിക്കുക.
ആഹാരം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.
വ്യക്തി ശുചിത്വം പാലിക്കുക.
വളർത്തു മൃഗങ്ങളെയോ പക്ഷികളെയോ താമസിക്കുന്നവരുമായി ഇടപഴകാൻ അനുവദിക്കരുത്.
തുറസ്സായ സ്ഥലങ്ങളിൽ തുപ്പരുത്.
പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യപ്രവർത്തകരെ അറിയിക്കുക.
വെള്ളക്കെട്ടുള്ള ഇടങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറിയ ഇടങ്ങൾ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്ചയിലൊരിക്കൽ 200 മില്ലിഗ്രാം ഡോക്സിസൈക്ലിൻഗുളിക കഴിക്കുക.
വീടുകളിലേക്ക് മടങ്ങുന്നവർ ശ്രദ്ധിക്കുക...
വൃത്തിയാക്കിയ വീടുകളിലും, സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡർ കലക്കിയ ലായനി ഒഴിച്ച് അണുനശീകരണം നടത്തുക.
പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കുക
കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
വെള്ളക്കെട്ട് മൂലം മലിനപ്പെട്ട കിണറുകൾ, ടാങ്കുകൾ, കുടിവെള്ള സ്രോതസ്സുകൾ എന്നിവ അണുവിമുക്തമാക്കുക.
ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്.
അടഞ്ഞുകിടക്കുന്ന മുറികളിൽ വായു മലിനീകരണം സംഭവിക്കാൻ ഇടയുള്ളതിനാൽ ഉപയോഗിക്കുന്നതിന് മുമ്പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരയോഗ്യമാക്കുക.
വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യമുണ്ടാകാനിടയുള്ളതിനാൽ മുൻകരുതലുകൾ എടുക്കേണ്ടതും കടിയേറ്റാൽ വൈദ്യസഹായം തേടേണ്ടതുമാണ്.
ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ ഗുളികകൾ എന്നിവയുടെ ഉപയോഗക്രമത്തിൽ ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
കക്കയം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടും
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നതിനാലും വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതു കാരണം ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലും പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍ കവിയാതിരിക്കാന് നിലവില്‍ ഒരു അടിയായി ഉയര്‍ത്തിയ രണ്ട് ഷട്ടറുകള്‍ 1.5 അടി വരെ ഘട്ടംഘട്ടമായി ഉയര്‍ത്തി അധികജലം ഒഴുക്കിവിടുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ 121
കോഴിക്കോട്; ജില്ലയിൽ ആകെ 121 ക്യാംപുകളിലായി 4730 പേരാണുള്ളത്.
കോഴിക്കോട് താലൂക്ക് 72 (701 കുടുംബങ്ങൾ, 2176 പേർ)
വടകര താലൂക്ക് 18 (330 കുടുംബങ്ങൾ, 1135 പേർ)
താമരശ്ശേരി താലൂക്ക് 18 (263 കുടുംബങ്ങൾ, 772 പേർ)
കൊയിലാണ്ടി താലൂക്ക് 13 (220 കുടുംബങ്ങൾ, 647 പേർ)
ഇനി നമസ്കാരഹാളിൽഅന്തിയുറങ്ങാം
കുന്ദമംഗലം: നമസ്കാരത്തിന് അണിനിരക്കുന്ന മുസ്ലിംപള്ളിയുടെ ഹാളിൽ ഇനി ജാതി മത ലിംഗ ഭേദമില്ലാതെ സുരക്ഷിതരായി അന്തിയുറങ്ങാം. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അഭയം നൽകാൻ ആരാധനാലയത്തിന്റെ വാതിലുകൾ തുറന്നുകൊടുത്തിരിക്കയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ എം.ജി നഗറിലുള്ള സി.ഐ.ആർ.എച്ച്.എസ്.എസ് പള്ളി. പള്ളി ഹാൾ ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റാൻ പള്ളികമ്മിറ്റി ഭാരവാഹികൾ മുന്നോട്ടുവരികയായിരുന്നു. നമസ്കാരത്തിനായി ഉപയോഗിക്കുന്ന പള്ളിയുടെ ഇരുനിലകളിലുമായി സംവിധാനിച്ച ക്യാമ്പിൽ ജാതി മത ലിംഗ ഭേദമില്ലാതെ സൗഹൃദത്തിന്റെയും കരുതലിന്റെയും ഐക്യപ്പെടലിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതിയുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടെയുള്ള മെമ്പർമാരുടെയും നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പള്ളിയുടെ ചുമരിനോട് ചേർന്ന് ഷീറ്റിട്ട ഭാഗത്ത് ഭക്ഷണമൊരുക്കുന്ന സ്ത്രീകളും നമസ്കാര മുറിയിൽ പരിശോധന നടത്തിവരുന്ന ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘവും അകത്തെ മുറിയുടെ വശങ്ങളിലായി നിരത്തിയിട്ട കട്ടിലുകളിൽ വിശ്രമിക്കുന്ന വൃദ്ധരുമാണുള്ളത്. ക്യാമ്പ് സന്ദർശിച്ച പി.ടി.എ റഹീം എം.എൽ.എ പള്ളി കമ്മിറ്റി ഭാരവാഹികളെയും ക്യാമ്പിന്റെ സംഘാടകരെയും അഭിനന്ദിക്കുകയും ക്യാമ്പിലെ അന്തേവാസികളുമായി സൗഹൃദം പങ്കിടുകയും ചെയ്തു.
കൈക്കുഞ്ഞിനെ ഒഴുക്കിൽ
നിന്ന് വാരിയെടുത്ത് തൻസിറ
മേപ്പാടി: ഒരുമിച്ച് കട്ടിലിൽ ഉറങ്ങുകയായിരുന്നു തൻസിറയും നാൽപ്പത് ദിവസം പ്രായമായ കുഞ്ഞും. പക്ഷേ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിൽ കട്ടിലോടു കൂടി അമ്മയേയും കുഞ്ഞിനെയും കൊണ്ടുപോയി. കുത്തൊഴുക്കിനിടെ കുഞ്ഞ് അമ്മയിൽ നിന്ന് വേർപെട്ടു. എന്നാലുടൻ തൻസിറ തന്റെ കുഞ്ഞിനെ വാരിയെടുത്തു.
ചൂരൽമല പൊറ്റമ്മൽ അസീസിന്റെയും ആമിനയുടെയും മകളാണ് തൻസിറ. കുഞ്ഞിനെ പിടിച്ചെടുക്കുന്നതിനിടെ തൻസിറയുടെ തോളിന് പരിക്കേറ്റു. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖം പ്രാപിക്കുകയാണ്. അതിനിടെ തൻസിറയുടെ മൂത്ത മകൻ അഫയാൻ (11) കുത്തൊഴുക്കിൽപ്പെട്ടു. ഒന്നരമണിക്കൂറിന് ശേഷം ചെറിയ പരിക്കുകളോടെ അഫയാനെ മൂന്നൂറ് മീറ്റർ താഴെ നിന്ന് നാട്ടുകാരാണ് രക്ഷിച്ചത്.
അതേസമയം ഒലിച്ചുപോയ തൻസിറയുടെ മാതാവ് ആമിനയും അവരുടെ മാതാവ് പാത്തുമ്മയേയും കണ്ടെത്താനായില്ല. ചീരാൽ കുടുക്കി സ്വദേശിയായ തോപ്പയിൽ അൽത്താഫിന്റെ ഭാര്യയാണ് തൻസിറ. പ്രസവവുമായി ബന്ധപ്പെട്ടാണ് സ്വന്തം വീട്ടിലെത്തിയത്. ഗൾഫിലായിരുന്ന അൽത്താഫ് ദുരന്തവാർത്തയറിഞ്ഞ് ഇന്നലെ രാവിലെ മേപ്പാടിയിലെത്തി.
പ്രിയങ്കയ്ക്ക് നാടിന്റെ യാത്രാമൊഴി
നന്മണ്ട: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ച ബാലുശ്ശേരി നന്മണ്ട കള്ളങ്ങാടി താഴെ കിണറ്റുമ്പത്ത് കോഴിക്കോട്ട് കണ്ണഞ്ചേരി പുതുക്കോട്ടുമ്മൽ ജോസിന്റെ മകൾ പ്രിയങ്കയുടെ (25) മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പ്രിയങ്കയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. രാത്രി 11 മണിയോടെ ജന്മനാടായ നന്മണ്ടയിലെ വീട്ടിലെത്തിച്ചു. ഇന്നലെ രാവിലെ 9.30 ഓടെ കോഴിക്കോട് ഹെർമ്മൻ ഗുണ്ടർട്ട് മെമ്മോറിയൽ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. കല്പറ്റ ഐ.സി.ഐ.സി.ഐ ബാങ്കിൽ ഇക്കഴിഞ്ഞ ജൂൺ 21 ന് ജോലിയിൽ പ്രവേശിച്ചത്. ഇക്കഴിഞ്ഞ മേയ് 13 നായിരുന്നു പ്രിയങ്കയും ബിനുരാജും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവിനൊപ്പം നന്മണ്ടയിലെ വീട്ടിലെത്തിയ പ്രിയങ്ക ഞായറാഴ്ചയാണ് വയനാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ പ്രിയങ്ക കുടുംബത്തോടൊപ്പം 20 വർഷത്തോളമായി നന്മണ്ടയിലാണ് താമസം. അമ്മ: ഷോളി, സഹോദരങ്ങൾ ജോഷിബലിബിൻ, ജിസ്ന.
പ്രിയങ്ക ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ 10 അംഗങ്ങളാണ് ദുരന്തത്തിൽ പെട്ടത്. ഭർത്താവ് ബിനുരാജ്, ഭർത്തൃപിതാവ് രാജൻ, മാതാവ് മാർദായ, സഹോദരങ്ങളായ കുരുവിള, ആൻഡ്രിൻനാഗമ്മ മറ്റു ബന്ധുക്കളുമാണ് അപകട സമയത്ത് മുണ്ടക്കൈയിലെ പുഞ്ചിരി വട്ടത്തെ വീട്ടിലുണ്ടായിരുന്നു.
പ്രിയങ്കയേയും അമ്മയേയും മറ്റു ബന്ധുക്കളേയും കുട്ടി ഭർത്താവ് ബിനുരാജ് വെളിയാർമല സ്കൂളിലാക്കി വീണ്ടും അച്ഛനെ കൂട്ടാൻ വേണ്ടി വീട്ടിലേയ്ക്ക് പോകവെ ഉരുൾപൊട്ടി സ്ക്കൂൾ നിന്നിരുന്ന സ്ഥലവും ഒലിച്ചു പോയി. ബിനുരാജ് അച്ഛനേയും കൂട്ടി വരെ പിന്നേയും ഉരുൾപൊട്ടി അവരും ഒലിച്ചു പോയി. ഇതിൽ രണ്ട് കുട്ടികൾ മാത്രം രക്ഷപ്പെട്ടു. ബിനുരാജിന്റെ ഇളയ സഹോദരൻ ജിതിൻ അതിന് മുമ്പ് പാടിയിലേയ്ക്ക് പോയതിനാൽ രക്ഷപ്പെട്ടു. ബിനുരാജിന്റെ മറ്റൊരു സഹോദരൻ വിദേശത്താണ്.