കോട്ടയം: യാത്രയ്ക്കായി ബസിനെ ആശ്രയിക്കുന്ന തിരുവാർപ്പ് നിവാസികളുടെ കാര്യമാണ് കഷ്ടം. തൊട്ടടുത്തുള്ള നാഗമ്പടത്തേക്ക് എത്തണമെങ്കിൽ രണ്ടു ബസ് മാറി കയറുകയും വേണം, ബസ് ചാർജ് ആയി അധികപണം മുടക്കേണ്ടിയും വരും. തിരുവാർപ്പിൽ നിന്നുമുള്ള മിക്ക ബസുകളും നാഗമ്പടത്തേക്ക് പോകുന്നില്ലായെന്നതാണ് ദുരവസ്ഥയ്ക്ക് കാരണം. പത്തോളം ബസുകൾ തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഇതിൽ ഒന്നോ രണ്ടോ ബസ് ഒഴിച്ച് ബാക്കിയൊന്നും നാഗമ്പടത്തേക്ക് പോകുന്നില്ല. മിക്ക ബസുകളും തിരുനക്കരയിലെത്തി സർവീസ് അവസാനിപ്പിക്കുന്നു. നാഗമ്പടം, റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പിന്നീട് പോകണമെങ്കിൽ രണ്ടാമതൊരു ബസിൽ കൂടി കയറുകയേ നിവൃത്തിയുള്ളൂ. ഇതിനായി പത്തു രൂപ അധികം മുടക്കണം. നിലവിൽ തിരുവാർപ്പിൽനിന്ന് കയറുന്ന യാത്രക്കാരന് രണ്ടു ബസുകൾ മാറി കയറുമ്പോൾ 25 രൂപ മുടക്കേണ്ട സ്ഥിതിയാണ്. ഇത് സാധാരണക്കാരെ യാത്രക്കാരെ പൊല്ലാപ്പിലാക്കുന്നു.

കണികാണാനില്ലാതെ ട്രാൻ.ബസ്

തിരുവാർപ്പുകാരുടെ കഷ്ടകാലം തീരണമെങ്കിൽ നാഗമ്പടം വരെ ബസുകൾ സർവീസ് നടത്തുകയേ രക്ഷയുള്ളൂ. ഇത്തരം സാഹചര്യത്തിൽ ജനത്തിന് ആശ്വാസമായി വരേണ്ട കെ.എസ്.ആർ.ടി.സിയും തിരുവാർപ്പുകാരോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. പടിഞ്ഞാറൻ മേഖലയായ ഇവിടേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇപ്പോൾ എത്താറില്ല. രാത്രി 9.30ന് കോട്ടയത്ത് നിന്നും വന്ന് പിറ്റേദിവസം രാവിലെ 6.05ന് കോട്ടയത്തിന് പുറപ്പെടുന്ന ട്രിപ്പ് ഇല്ലാതായിട്ട് നാളുകളായി. പകൽ സമയങ്ങളിൽ ഓടേണ്ട ബസും സർവീസ് നടത്താറില്ല. തിരുവാർപ്പ് മേഖലയിലെ യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് എൻ.സി.പി തിരുവാർപ്പ് മണ്ഡലം കമ്മറ്റി ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ, അഖിൽ, വാസു, കുഞ്ഞ് എന്നിവർ ആവശ്യപ്പെട്ടു.

നാഗമ്പടത്തേക്ക് കൂടുതൽ ബസുകൾ സർവീസ് നടത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. നൂറുകണക്കിന് യാത്രക്കാരെ ബാധിക്കുന്ന പ്രശ്നമാണിത്. ഇതുസംബന്ധിച്ച് കോട്ടയം ആർ.ടി.ഒ, ജില്ലാ കളക്ടർ, ഗതാഗതവകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകും. (എൻ.സി.പി തിരുവാർപ്പ് മണ്ഡലംകമ്മറ്റി).

തിരുവാർപ്പ്-നാഗമ്പടം- ഒമ്പതു കിലോമീറ്റർ