കോട്ടയം : ഇളകി വീഴാറായ ഗാലറികൾ, മഴ പെയ്താൽ വെള്ളക്കെട്ട് , വളർന്ന് പന്തലിച്ച് കാട്, സാമൂഹ്യവിരുദ്ധ ശല്യം...നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാഴ്ചകൾ ഏതൊരു കായികപ്രേമിയുടെയും കണ്ണ് നിറയിക്കും. മൈതാനത്തിന്റെ പച്ചപ്പിൽ കാൽപ്പന്ത് പരിശീലനത്തിന് എത്തുന്ന കുരുന്നുകളടക്കം നിരാശയോടെയാണ് മടങ്ങുന്നത്. ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരിയടക്കം പല കായികതാരങ്ങൾക്കും ജന്മം നൽകിയ സ്‌റ്റേഡിയം അവഗണനയുടെ ട്രാക്കിലൂടെ ഓടാൻ തുടങ്ങിയിട്ട് നാളേറെയായി. പത്തര ഏക്കറിലാണ് സ്റ്റേഡിയവും അനുബന്ധ കെട്ടിടവും സ്ഥിതിചെയ്യുന്നത്. മഴ പെയ്താൽ ട്രാക്കുകളിൽ വെള്ളംകയറി ചെളിക്കുളമാകുന്ന സ്ഥിതിയാണ്. പല തവണ മണ്ണിട്ടു നിരപ്പാക്കിയെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. താരങ്ങൾക്ക് ജേഴ്‌സി മാറാൻ പവലിയിനിൽ പരിമിതമായ സൗകര്യമേയുള്ളൂ. ശൗചാലയങ്ങളും വേണ്ടത്രയില്ല. ട്രാക്കുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ പുല്ല് വളർന്നുനിൽക്കുകയാണ്. നിലത്ത് പാകിയിരുന്ന ടൈലുകളും പൊട്ടിപ്പൊളിഞ്ഞു.
പ്രഖ്യാപനങ്ങൾ വാരിക്കോരി
സ്റ്റേഡിയം മുഖം മിനുക്കാൻ നഗരസഭ കോടികളുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. എല്ലാ ബഡ്ജറ്റിലും പതിവ് പ്രഖ്യാപനങ്ങൾക്ക് ഒരു കുറവുമില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ കായിക മന്ത്രിയായിരിക്കെ സിന്തറ്റിക് ട്രാക്ക് അടക്കം സജ്ജീകരിക്കുമെന്നായിരുന്നു വാഗ്ദാനം. സ്റ്റേഡിയത്തിന്റെ ദുരവസ്ഥ മൂലം കായികതാരങ്ങൾ പരിശീലനം നടത്താൻ പോലും ഭയപ്പെടുകയാണ്. സ്റ്റേഡിയവും പരിസരവും മാലിന്യത്താൽ മുങ്ങിയിരിക്കുകയാണ്. ഇത് ഭക്ഷിക്കാനായി തെരുവ് നായ്ക്കളും തമ്പടിച്ചതോടെ ഭീതിയോടെയാണ് പലരും പ്രഭാതനടത്തത്തിന് എത്തുന്നത്. പവലിയിനടിയിൽ നിരവധി മദ്യക്കുപ്പികളാണ് കിടക്കുന്നത്. സോളാർ വിളക്കുകളിൽ നിന്ന് ബാറ്ററി മോഷണം പോകുന്നതും പതിവായി.
പ്രശ്നങ്ങൾ നിരവധി, പരിഹാരം അകലെ
വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല
ഗാലറിയുടെ കോൺക്രീറ്റ് കമ്പികൾ ഇളകി
സ്റ്റേഡിയത്തിന്റെ അടിയിലെ കടകളും ചോരുന്നു
ഇരിപ്പിടങ്ങൾ ഭൂരിഭാഗവും തുരുമ്പെടുത്തു
പവലിയിനിലുള്ള ടിൻ ഷീറ്റുകൾ ഇളകി
നെറ്റ്സ് കാട്മൂടി, കയറാൻ സാധിക്കില്ല
''നഗരത്തിന്റെ പ്രവേശന കവാടത്തിൽ തന്നെ ഇങ്ങനെ ഒരു സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത് അക്ഷരനഗരിയ്ക്ക് നാണക്കേടാണ്. നവീകരണ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് അപ്പുറം ഒന്നും നടക്കുന്നില്ല. ഇനിയെങ്കിലും നഗരസഭ അനാസ്ഥ വെടിയണം.
രാജേഷ്, നാഗമ്പടം