ചങ്ങനാശേരി: അധികാരികൾക്ക് നാണമില്ലെങ്കിലും പൊതുജനത്തിന് അതുണ്ട്. ഒരു പൊതുശൗചാലയം... പലവട്ടം പറഞ്ഞിട്ടും അധികാരികൾ അനങ്ങിയില്ല. താത്ക്കാലികമായെങ്കിലും ഒരു സംവിധാനം. എന്നിട്ടും രക്ഷയില്ല. ഒടുവിൽ നാണംകെട്ടാണെങ്കിലും വഴിയരികിലും വ്യാപാരസ്ഥാപനങ്ങൾക്ക് പിന്നിലും കാര്യം സാധിക്കേണ്ട ഗതികേടിലാണ് പൊതുജനം.
വിഷയത്തിൽ നഗരസഭയുടെ അലംഭാവം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ടേക്ക് എ ബ്രേക്ക് പദ്ധതി തന്നെ അത് കാട്ടിത്തരും. മുനിസിപ്പൽ പാർക്കിന് സമീപം നിർമ്മിച്ച പൊതുശൗചാലയം വർഷം രണ്ട് പിന്നിട്ടിട്ടും തുറന്നുകൊടുത്തില്ല. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലുമുണ്ട് പണിതീരാത്ത ശൗചാലയം. 2022ൽ നിർമാണം ആരംഭിച്ച പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല.
ടേക്ക് എ ബ്രേക്ക് പദ്ധതി
മുനിസിപ്പൽ പാർക്കിന് സമീപം നിർമ്മിച്ച ശൗചാലയത്തിന്റെ പരിസരമാകെ കാടുകയറി.
പെരുന്നയിൽ കെട്ടിടം പൂർത്തിയായെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.
സ്ത്രീകൾ പലപ്പോഴും സ്വകാര്യസ്ഥാപനങ്ങളുടെ ശൗചാലയങ്ങളെ ആശ്രയിക്കണം.
കടുത്ത ദർഗന്ധം
പെരുന്ന ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും ബസ് ജീവനക്കാരും ഇവിടെ ഷട്ടറില്ലാത്ത കടമുറിയിലാണ് കാര്യം സാധിക്കുന്നത്.
ഇതുമൂലം സമീപത്തെ വ്യാപാരികളാണ് ദുരിതത്തിലായത്. ദുർഗന്ധം കാരണം കച്ചവടം പോലും മുടങ്ങുന്ന സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു.
മാർക്കറ്റിലും വണ്ടിപ്പേട്ടയിലും കഷ്ടം
നൂറുകണക്കിനാളുകൾ എത്തുന്ന മാർക്കറ്റിലും ശൗചാലയമില്ല. പുലർച്ചെ മുതൽ ഇതരസംസ്ഥാന ലോറികൾ മാർക്കറ്റിലെത്തും. ഡ്രൈവർമാർ പലരും ഒഴിഞ്ഞ സ്ഥലങ്ങളിൽ കാര്യം നടത്തേണ്ട അവസ്ഥയാണ്. ചിലർ ഓട്ടോയിൽ കയറി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശൗചാലയം ഉപയോഗിച്ച സംഭവുമുണ്ടായിട്ടുണ്ട്. മത്സ്യമാർക്കറ്റിലെ ശൗചാലയം ഉപയോഗശൂന്യമായ നിലയിലാണ്. വണ്ടിപ്പേട്ടയിലെ ഉപയോഗശൂന്യമായി കിടന്ന ശൗചാലയം ഇപ്പോൾ വീണ്ടും നവീകരിച്ചെങ്കിലും ജോലികൾ ബാക്കിയുള്ളതിനാൽ ഇതുവരെയും തുറന്നുകൊടുത്തിട്ടില്ല.