കോട്ടയം: ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ കേക്ക് മുറിച്ചും, മരം നട്ടും കോട്ടയത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന് കളക്ടേറ്റിൽ തുടക്കം. ജില്ലയുടെ ഭൂപടവും , ഒൻപത് നിയമസഭാമണ്ഡലങ്ങളും പലനിറങ്ങളിൽ അടയാളപ്പെടുത്തിയ കേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും, പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് മിനി എസ്. ദാസും , കളക്ടർ വി. വിഗ്‌നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും , സബ് കളക്ടർ ഡി. രഞ്ജിത്തും , അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ബീന പി. ആനന്ദും ചേർന്ന് മുറിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ ഭൂപടം ആലേഖനം ചെയ്ത കേക്കും മുറിച്ചു. 1949 ജൂലായ് ഒന്നിനാണ് ജില്ല രൂപീകൃതമായത്. വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു.