കോട്ടയം : 75 -ാം പിറന്നാൾ ആഘോഷത്തിമർപ്പിലാണ് ജില്ല. 25 വർഷത്തിന് ശേഷം ശതാബ്ദി വർഷം. വികസകാര്യത്തിൽ ഇനിയുമേറെ കുതിക്കാനുണ്ട്. സ്വപ്നപദ്ധതികളുമേറെയാണ്. ശബരിമലയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾക്ക് പറന്നെത്താൻ എരുമേലിയിൽ വിമാനത്താവളം, ശബരി പാത എന്നിവയാണ് പ്രധാനം. കൊച്ചി മെട്രോ കോട്ടയത്തെത്തുമോ, വാട്ടർ മെട്രോയ്ക്ക് തുടക്കം കുറിക്കുമോ, റോഡുകൾ നാലുവരിയാക്കുമോ, വേമ്പനാട്ടുകായലിലെ മാലിന്യപ്രശ്നം...നിരവധി ചോദ്യങ്ങളും അന്തരീക്ഷത്തിൽ ഉയരുന്നു.
കായികരംഗം
നിരവധി ദേശീയ അന്താരാഷ്ടര കായിക താരങ്ങളെ സംഭാവന ചെയ്ത നാടാണ് കോട്ടയം. പറയാൻ സമ്പന്നമായ ഇന്നലെകൾ മാത്രം. അറിയപ്പെടുന്ന ഒരു കായികതാരം പോലും ഇന്ന് കോട്ടയത്തിന്റെ പേരിലില്ല. നല്ലൊരു സ്റ്റേഡിയമില്ല. പിന്നെങ്ങനെ കായിക താരങ്ങൾ ഉണ്ടാകും.
വ്യവസായരംഗം
ചിങ്ങവനത്തെ ഇലക്ട്രോ കെമിക്കൽസ് പൂട്ടിയിട്ട് വർഷങ്ങളായി. വൈറ്റ് സിമന്റ് ഉത്പാദിപ്പിച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായ നാട്ടകം സിമന്റ്സ് അടച്ചു പൂട്ടലിലേക്ക് നീളുന്നു. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി പൂട്ടി പകരം കേരളപേപ്പർ പ്രോഡക്ട്സ് ലിമിറ്റഡി തുറന്നെങ്കിലും ബാലാരിഷ്ടതയിലാണ്. റബറിന്റെ തറവാട്ടിൽ റബർ ഫാക്ടറി പേരിന് പോലുമില്ല.
റോഡുകൾ
എം.സി റോഡിനും, കെ.കെ.റോഡിനുമപ്പുറം മറ്റൊരു റോഡിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നാഷണൽ ഹൈവേ കടന്നുപോകുന്നുണ്ടെങ്കിലും രണ്ട് വാഹനങ്ങൾ ഒന്നിച്ചു പോകാൻ കഴിയുന്ന വീതിയില്ല.
ജലഗതാഗതം
ജലഗതാഗതത്തിന് പറ്റിയ കായലും ആറുകളും തോടുമുണ്ടെങ്കിലും ജലഗതാഗതം വികസിച്ചിട്ടില്ല. നിലവിലുള്ള ബോട്ടു ജെട്ടികൾ പോലും നാശോന്മുഖമാണ്. വാട്ടർ മെട്രോ ആലോചനയിൽ പോലുമില്ല.
കൃഷി
കൃഷി ഭൂമിയുടെ വിസ്തൃതി കുറഞ്ഞു. നഷ്ടക്കണക്കിൽ കർഷകർ. റബർ, നെൽകൃഷി ഉപേക്ഷിക്കുന്നവരേറുന്നു. പകരം പുതിയ കൃഷി മേഖലകളിലേക്കും കടക്കുന്നില്ല. പരിസ്ഥിതി നശീകരണത്തിന്റെ ഭാഗമായി കാലാവസ്ഥ വ്യതിയാനം ശക്തമായി. ഒന്നുകിൽ വെള്ളപ്പൊക്കം,അല്ലെങ്കിൽ വരൾച്ച.