11

പായിപ്പാട് : അങ്ങനെ മാലിന്യക്കുളത്തിൽ ശുദ്ധജലം എത്തി. നാട്ടുകാർ സന്തോഷത്തിലുമായി. പായിപ്പാട് പള്ളിക്കച്ചിറക്കുളമാണ് അടുത്തനാൾ വരെ മാലിന്യക്കുളമായി കിടന്നിരുന്നത്. പക്ഷേ ഇന്ന് ഈ കുളം മനോഹരമാണ്. പായിപ്പാട് കവലയിൽനിന്ന് മലിനജലം ഒഴുകിയെത്തുന്നതായിരുന്നു കുളത്തിന്റെ സ്ഥിതി മോശമാക്കിയത്. ദുർഗന്ധവും വന്നിരുന്നു. ചുറ്റും താമസിക്കുന്ന 20ഒാളം കുടുംബങ്ങൾക്ക് കുളം ഉപകാരപ്പെട്ടില്ല. ദുർഗന്ധവും സഹിക്കാനാവാത്ത നിലയിലായി. വിവിധ കോണുകളിൽനിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും അധികൃതരാരും ഗൗനിച്ചിരുന്നില്ല. ഒടുവിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്തിന്റെ ഇടപെടലോടെയാണ് കുളത്തിന് നല്ലകാലം വരുന്നത്. കുളത്തിലേക്ക് എത്തുന്ന ഒാട വഴിമാറ്റിവിട്ട് സംരക്ഷണഭിത്തി കെട്ടുകയായിരുന്നു ആദ്യ പ്രവർത്തനം. പിന്നീട് കുളത്തിലെ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് കുളം ശുചിയാക്കി. പിന്നീട് ശുദ്ധമായ വെള്ളം കൂടി കുളത്തിലെത്തിയതോടെ കുളം മനോഹരമായി. ഇനി കുളത്തിന് വശങ്ങളിൽ സുരക്ഷാ ബാരിക്കേഡും അലങ്കാര വിളക്കുകളും ഘടിപ്പിച്ച് കുളം സൗന്ദര്യവൽക്കരിക്കും. 50ലക്ഷം രൂപയാണ് നിലവിൽ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഭാവിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകാനും കുളം ഉപയോഗിക്കും.