ഭരണങ്ങാനത്ത് തോട് കൈയേറി സ്ഥാപിച്ച പൈപ്പ് പൊളിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ഭരണങ്ങാനം: ആലമറ്റം കാഞ്ഞിരമറ്റം നായ്ക്കനാൽ മങ്കര തോട്ടിൽ സ്വകാര്യ വ്യക്തി വഴിക്കായി കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചത് മൂന്ന് ദിവസത്തിനുള്ളിൽ പൊളിപ്പിക്കുമെന്ന് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു. ഇന്നലെ പ്രസിഡന്റ്, സെക്രട്ടറി സജിത് മാത്യൂസ് എന്നിവരുൾപ്പെട്ട സംഘം സംഭവസ്ഥലം സന്ദർശിച്ചിരുന്നു. പൈപ്പ് സ്ഥാപിച്ച സ്വകാര്യ വ്യക്തിയേയും വിളിച്ചുവരുത്തിയിരുന്നു. തോട് കൈയേറി സ്ഥാപിച്ച കൂറ്റൻ പൈപ്പുകൾ മൂന്ന് ദിവസത്തിനുള്ളിൽ നീക്കാൻ പഞ്ചായത്ത് അധികൃതർ സ്വകാര്യ വ്യക്തിയോട് ആവശ്യപ്പെട്ടു. എന്നിട്ടും നീക്കിയില്ലെങ്കിൽ പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി ഇത് പൊളിപ്പിക്കുമെന്നും പ്രസിഡന്റ് ലിസി സണ്ണി വ്യക്തമാക്കി. ഭരണങ്ങാനത്ത് തോട് കൈയേറി സ്വകാര്യ വ്യക്തി കൂറ്റൻ പൈപ്പ് സ്ഥാപിച്ച വിവരം കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ചടിയോളം ഉൾവ്യാസമുള്ള പൈപ്പുകളിലൂടെയാണ് ഇപ്പോൾ വെള്ലം ഒഴുകുന്നത്. പൈപ്പുകൾക്ക് മേലെ മണ്ണുവിരിച്ച് പടുതകൊണ്ട് മൂടിയ സ്വകാര്യ വ്യക്തി സ്വന്തം പുരയിടത്തിലേക്ക് വഴിയും തുറന്നു.


സുനിൽ പാലാ


ഫോട്ടോ അടിക്കുറിപ്പ്

ഭരണങ്ങാനത്ത് സ്വകാര്യ വ്യക്തി തോട് കയ്യേറി പൈപ്പ് സ്ഥപിച്ചത് സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത.