പാലാ : പാറക്കെട്ടുകളെ വകഞ്ഞുമാറ്റി തട്ടുതട്ടുകളായി പാൽനുരപോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ. ഒന്നല്ല മൂന്നെണ്ണം, അതും ഒരുപഞ്ചായത്തിൽ. സഞ്ചാരികളുടെ മനം കുളിർപ്പിക്കാൻ ഇതിൽപ്പരം എന്ത് വേണം. കടനാട് പഞ്ചായത്തിലെ മൂന്നുകല്ല് വെള്ളച്ചാട്ടവും, പാമ്പനാൽ വെള്ളച്ചാട്ടവും , ചോതിക്കയം വെള്ളച്ചാട്ടവുമാണ് ദൃശ്യവിരുന്നൊരുക്കുന്നത്. മഴക്കാലത്ത് മാത്രം സജീവമാകുന്നതാണ് ഇവ. അറിഞ്ഞും കേട്ടും നിരവധിപ്പേരാണ് ആസ്വാദിക്കാനും, കുളിക്കാനുമെത്തുന്നത്. ഞായറാഴ്ചകളിലാണ് കൂടുതൽ തിരക്ക്. ളാലം തോടിന്റെ ഉത്ഭവ സ്ഥാനത്തുള്ള കടനാട് തോട് കടന്നുപോകുന്ന ചെരിവുകളിലാണ് വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. അധികം ആഴമില്ലാത്ത കുഴികളുള്ള വെള്ളച്ചാട്ടങ്ങളുടെ താഴ് ഭാഗം അപകട രഹിതമായി സഞ്ചാരികൾക്ക് ആശങ്കയില്ലാതെ നീന്തി തുടിക്കുന്നതിന് അവസരമൊരുക്കുന്നു.
എങ്ങനെ എത്താം
പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂർ സ്‌കൂൾ ജംഗ്ഷനിൽ നിന്ന് മണിയാക്കുംപാറ റൂട്ടിൽ രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ പാമ്പനാൽ വെള്ളച്ചാട്ടത്തിൽ എത്താം. ഇതിന് മുകൾ ഭാഗത്ത് അനേക ചെറുവെള്ളച്ചാട്ടങ്ങളുണ്ട്. മൂന്നുകൽ വെളളച്ചാട്ടവും ചോതിക്കയവും കാവുംകണ്ടത്താണ്.
പാലാ - തൊടുപുഴ റൂട്ടിൽ കൊല്ലപ്പിള്ളിയിൽ നിന്ന് എലിവാലി വഴി കാവുകണ്ടത്തെത്തി രണ്ടിടത്തേക്കും പോകാം.
പ്രാഥമിക സൗകര്യങ്ങളുടെ അഭാവം
കാവുംകണ്ടത്തെ വെള്ളച്ചാട്ടങ്ങളുടെ അടുത്തേയ്ക്ക് അരക്കിലോമീറ്ററോളം നടന്നുപോകണം. റോഡ് സൗകര്യം വേണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും സൗകര്യങ്ങളില്ല. വ്യാപാര സ്ഥാപനങ്ങളാണ് ഏക ആശ്രയം.