കോട്ടയം : പത്ത് വർഷം മുന്നേ ജില്ലയിൽ പടർന്ന പക്ഷിപ്പനി ഇടയ്ക്കിടെ തലപൊക്കുമ്പോൾ കർഷകരുടെ ലക്ഷങ്ങളാണ് കുഴിയിലായത്. എന്നിട്ടും ഇതുവരെ കാരണം കണ്ടെത്താനായിട്ടില്ല. അതീവ സുരക്ഷിതത്വമുള്ള മണർകാട്ടെ ഹാച്ചറിയിലും രോഗം റിപ്പോർട്ട് ചെയ്തു. കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചാൽ ജില്ലയിൽ ആധിയാണ്. എത്ര മുൻകരുതലെടുത്താലും പറന്നെത്തും. ഈ വർഷം മൂന്ന് തവണയാണ് വന്നത്. അവസാനം വൈക്കത്ത്. ഓരോ തവണയും രോഗം സ്ഥിരീകരിക്കുന്ന മേഖലകളിൽ കള്ളിങ് നടത്തി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലേക്ക് മൃഗസംരക്ഷണ വകുപ്പ് പ്രവർത്തനം ഒതുങ്ങി. ഇക്കുറി സ്ഥിരീകരിച്ചത് മനുഷ്യരിലേയ്ക്കും പടരുന്ന വൈറസായിരുന്നു.
ഉറവിടം അജ്ഞാതം
തണ്ണീർത്തടങ്ങളിലേക്ക് ദേശാടനപ്പക്ഷികളുടെ വരവ് കാലത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ദേശാടനപ്പക്ഷികളിൽ ഭൂരിഭാഗവും തിരികെ മടങ്ങിയ ശേഷമായിരുന്നു രോഗവ്യാപനമെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചെങ്കിലും ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗ ലക്ഷണങ്ങളോടെ ഒരു വളർത്തുപക്ഷി ചത്താൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിങ് നടത്താൻ പത്തു ദിവസമെടുക്കും. വൈറസിന് വ്യാപന ശേഷി കൂടുതലായതിനാൽ ഇക്കാലയളവിൽ രോഗം മറ്റ് പക്ഷികളിലേക്കും വ്യാപിക്കും.
നഷ്ടപരിഹാരം കൂടുതൽ വേണം
കോഴി, താറാവ് എന്നിവയ്ക്ക് മാത്രം നഷ്ടപരിഹാര നിരക്ക്
കാട, ടർക്കിക്കോഴി, വാത്ത തുടങ്ങിയവയ്ക്കും മുട്ടകൾക്കും നഷ്ടപരിഹാരമില്ല
നഷ്ടപരിഹാരത്തിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കും
ഇറച്ചി വിഭവങ്ങളും , മുട്ടയും വിൽക്കുന്നവർക്ക് നഷ്ടപരിഹാരമില്ല