കോട്ടയം: അറ്റകുറ്റപ്പണികൾക്കായി അടച്ച ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ നാല് മാസമായിട്ടും തുറക്കാനായില്ല. മൂന്നാഴ്‌ചയ്ക്കുള്ളിൽ പണികളെല്ലാം തീർത്ത് തുറക്കാമെന്ന് തീരുമാനിച്ചാണ് ഇലക്ട്രിക്കൽ, സിവിൽ പണികൾക്കായി മാർച്ച് 18ന് ആശുപത്രിയിലെ ഏക തിയേറ്റർ പൂട്ടിയത്.

വയറിംഗിന് വലിയ രീതിയിലുള്ള തകരാറുള്ളതിനാൽ ഷോക്കടിക്കാൻ സാധ്യതയുള്ളതിനാലാണ് ഉടൻ പണി ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി പൊതുമരാമത്ത് ഇലകട്രിക്കൽ വിഭാഗം അധികൃതർ പരിശോധന നടത്തി എട്ടുലക്ഷം രൂപയുടെ എസ്റ്റമേറ്റ് നൽകി.

ഇപ്പോഴിങ്ങനെ

മേജർ ശസ്ത്രക്രിയകൾ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യും. മൈനർ ശസ്ത്രക്രിയകൾക്കായി ആശുപത്രിയിലെ എഫ്.എൻ.എ.എസി പരശോധന നടത്തുന്ന മുറിയും അനുബന്ധമായുള്ള യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്.

നേരത്തെ നേത്ര ശസ്ത്രക്രിയ തിയറ്റർ ബദൽ സൗകര്യമൊരുക്കാതെ പൊളിച്ചുമാറ്റിയത് വ്യാപക പ്രതഷേധത്തിനിടയാക്കിയിരുന്നു. പകരം സൗകര്യം ഒരുക്കി നേത്ര ശസ്ത്രക്രിയ തിയറ്റർ തുറന്നത് അടുത്തിടെയാണ്. പുതിയ ബഹുനില മന്ദിരം നിർമിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവും. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇനിയുമുണ്ട് കടമ്പകൾ

നിലത്ത് ടൈൽ വിരിച്ചു. ഇലക്ട്രിക്കൽ ജോലികൾ ബാക്കിയുണ്ട്. അതു കഴിഞ്ഞ് അണുവിമുക്തമാണെന്ന് പരശോധന നടത്തി ഉറപ്പാക്കിയ ശേഷമേ തിയറ്റർ തുറക്കാനാവൂ.