
കോട്ടയം : പോളശല്യത്തിന് ശാശ്വത പരിഹാരമേകാൻ സാങ്കേതിക സമിതിയുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ടുപോകുമ്പോൾ പോളവാരൽ യന്ത്രത്തെപ്പറ്റി മിണ്ടാട്ടമില്ല. ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി ആയിരുന്ന രാജശ്രീ രാജഗോപാലിന്റെ നേതൃത്വത്തിൽ യന്ത്രം കണ്ടെത്തിയെങ്കിലും ഒന്നരമാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കാൻ നടപടിയില്ല. അഞ്ചു ലക്ഷം രൂപ ഇതിന് അനുവദിച്ചതായി ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥർ ലീഗൽ സർവിസ് അതോറിറ്റിയിൽ അറിയിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണി സംബന്ധിച്ച് യന്ത്രം നിർമ്മിച്ച കേളചന്ദ്ര മാനുഫാക്ചറിംഗ് യൂണിറ്റിന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. നിലവിലെ അവസ്ഥയിൽ രണ്ടുമാസത്തെ അറ്റകുറ്റപ്പണിയ്ക്ക് ശേഷമേ യന്ത്രം വെള്ളത്തിലിറക്കാനാവൂ. സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്താണ് കൺവീനർ. വേമ്പനാട്ടുകായലും ഉൾനാടൻ ജലാശയങ്ങളുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി ഇതു സംബന്ധിച്ച വിശദമായ ചർച്ചയും നടക്കും. കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി ഉദ്യോഗസ്ഥർ, പാടശേഖരസമിതി, മത്സ്യത്തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി 20 ന് മുൻപ് യോഗം വിളിക്കും.
മുന്നണി മാറി, അഴിമതിക്കഥയും കെട്ടടങ്ങി
2018 ലാണ് ഒരു മണിക്കൂറിൽ അഞ്ച് ടൺ പോള വാരാൻ ശേഷിയുള്ള യന്ത്രം വാങ്ങിയത്. കൊട്ടിഘോഷിച്ച് കോടിമതയിൽ ഉദ്ഘാടനം നടന്നെങ്കിലും
ഒരു ദിവസം ഉപയോഗിച്ചപ്പോഴേ പ്രവർത്തനം നിലച്ചു. കുറച്ചു നാൾ കുമരകത്ത് കായലിൽ വെറുതെയിട്ടിരിക്കുകയായിരുന്നു. തുടർന്ന് കോടിമതയിലെ മാനുഫാക്ചറിംഗ് യൂണിറ്റിലെത്തിച്ചു. 2022 ൽ അവസാനം എസ്റ്റിമേറ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടെങ്കിലും തുടർനടപടിയുണ്ടായില്ല. യന്ത്രം വാങ്ങലിൽ അഴിമതി ആരോപിച്ച് അന്ന് സി.പി.എം രംഗത്തെത്തിയെങ്കിലും ഭരണം കൈയ്യാളിയിരുന്ന കേരള കോൺഗ്രസ് (എം) മുന്നണിയിൽ വന്നതോടെ നാവടഞ്ഞു.
ചെലവായത് 48 ലക്ഷം
48 ലക്ഷം രൂപയാണ് യന്ത്രത്തിനായി ചെലവഴിച്ചത്. ഗ്രീസിംഗ്, റോളറുകൾ വൃത്തിയാക്കൽ എന്നിവ നാലുമണിക്കൂർ കൂടുമ്പോൾ ചെയ്യേണ്ടതാണെങ്കിലും അത് ചെയ്തില്ലെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.