ഭരണങ്ങാനം: പഞ്ചായത്ത് പ്രസിഡന്റ് വാക്കുപാലിച്ചു. മൂന്ന് ദിവസംപോലും കാത്തിരുന്നില്ല. തോട്ടിൽ അനധികൃതമായി സ്ഥാപിച്ച കൂറ്റൻ പൈപ്പുകൾ ഇന്നലെ ഉച്ചകഴിഞ്ഞ് പൊളിച്ചുനീക്കി. പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, സെക്രട്ടറി സജിത് മാത്യൂസ്, മെമ്പർ എൻ.എം. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് തോട്ടിലെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കിയത്. കൂറ്റൻ പൈപ്പുകൾ നീക്കാൻ ക്രെയിനും ജെ.സി.ബിയും ലോറിയുമൊക്കെയായി വലിയ സന്നാഹത്തിലായിരുന്നു പഞ്ചായത്ത് അധികാരികളുടെ വരവ്.
ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആലമറ്റം കാഞ്ഞിരമറ്റം നായ്ക്കനാൽ മങ്കര തോട്ടിൽ സ്വകാര്യ വ്യക്തി വഴിക്കായി കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചത് മൂന്ന് ദിവസത്തിനുള്ളിൽ പൊളിപ്പിക്കുമെന്ന് തിങ്കളാഴ്ച ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി ഉറപ്പു പറഞ്ഞിരുന്നു. എന്നാൽ മൂന്ന് ദിവസം പോലും കാത്തുനിന്നില്ല, പറഞ്ഞതിന്റെ പിറ്റേന്നുതന്നെ പ്രസിഡന്റും കൂട്ടരും പറഞ്ഞ വാക്ക് പാലിച്ചു. ഇതോടെ തോട്ടിൽ ഈ ഭാഗത്ത് വെള്ളം കെട്ടിനിന്ന് വഴിയിലേക്ക് വെള്ളം കയറുമെന്ന ആശങ്ക ഒഴിവായി.
ഭരണങ്ങാനത്ത് തോട് കൈയ്യേറി സ്വകാര്യ വ്യക്തി കൂറ്റൻ പൈപ്പ് സ്ഥാപിച്ച വിവരം ''കേരള കൗമുദി''യാണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് ഫോളോഅപ്പ് വാർത്തകളും കേരള കൗമുദി പ്രസിദ്ധീകരിച്ചു. ഇതേ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥലം സന്ദർശിച്ചതും ഉടൻ പൊളിച്ചുനീക്കുമെന്ന പ്രതികരണം അറിയിച്ചതും.