kadanadu-road

ഐങ്കൊമ്പ്: ഇതുവഴി വാഹനത്തിൽ പോയാൽ ഒരു കുഴിയിൽനിന്ന് മറ്റൊരു കുഴിയിലേക്ക് വാഹനം ചാടിച്ചാടി യാത്രക്കാരന്റെ ഇടപാട് തീരും. ഇതാണ് ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള കടനാട്-ഐങ്കൊമ്പ് റോഡിന്റെ അവസ്ഥ. റോഡ് തകർന്ന് താറുമാറായി കിടക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. അധികാരികൾ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കടനാട് ഗവ. ആശുപത്രി, സ്‌കൂൾ, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി പോസ്റ്റോഫീസ് എന്നിവ കടനാട്ടിൽ ആയതിനാൽ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ നിത്യേന ഉപയോഗിക്കുന്ന വഴിയാണിത്. രാമപുരം, ഏഴാച്ചേരി, ഐങ്കൊമ്പ് ഭാഗത്തുള്ളവർക്ക് കടനാട്ടിലെത്താനുള്ള എളുപ്പവഴി കൂടിയാണ്.

ജലജീവൻ മിഷന്റെ കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡിനെ തലങ്ങും വിലങ്ങും വെട്ടിമുറിച്ച് വീടുകളിലേക്കുള്ള കണക്ഷനുവേണ്ടി പൈപ്പ് സ്ഥാപിച്ചിട്ട് റോഡ് പൂർവസ്ഥിതിയിൽ ആക്കാത്തതാണ് വേഗം തകരാൻ കാരണം.

മഴക്കാലമായതോടെ വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർക്ക് സൈഡ് കൊടുക്കാൻ പോലും സ്ഥലമില്ലാത്ത ഇവിടെ അപകടം പതിവാണ്.

മാണി സി. കാപ്പൻ 8 ലക്ഷം, പഞ്ചായത്തിന്റെ 4, ഒരു കാര്യവുമില്ല.


റോഡ് നന്നാക്കാൻ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ മാണി.സി.കാപ്പൻ എം.എൽ.എ അനുവദിച്ചിരുന്നു. 4 ലക്ഷം രൂപ കടനാട് പഞ്ചായത്തിൽ നിന്നുകൂടി എടുത്തുകൊണ്ട് 12 ലക്ഷം രൂപയ്ക്ക് കരാർജോലി ഏൽപ്പിച്ചങ്കിലും ജലജീവൻ മിഷൻ വെട്ടിപ്പൊളിച്ച ഭാഗം ബലപ്പെടുത്താൻ തയ്യാറാകാത്തതാണ് ടാറിംഗിന് തടസമാകുന്നത്.


റോഡ് ഉടൻ നന്നാക്കണം: യു.ഡി.എഫ്.

റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന് യു.ഡി.എഫ്. ഐങ്കൊമ്പ് വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു.റോയി വാഴക്കാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിന്നി ചോക്കാട്ട്, സിബി ചക്കാലക്കൽ, അപ്പച്ചൻ മൈലയ്ക്കൽ, രാജൻ കുളങ്ങര, സണ്ണി കൈതക്കൽ, ചക്കോച്ചൻ കരൂർ ,സണ്ണി കുന്നുംപുറം, ജോസ് കരൂർ, എൽസി പടിഞ്ഞാറയിൽ എന്നിവർ പ്രസംഗിച്ചു.