chairman

പാലാ: നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് അരുണാപുരം മരിയൻ മെഡിക്കൽ സെന്ററിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ദേഹമാസകലം വേദനയും ഒപ്പം ശ്വാസംമുട്ടലും ഉള്ളതിനാൽ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ് ചെയർമാൻ.

ഇന്നലെ രാവിലെ 9.30ന് പാലാ മാർക്കറ്റിന് സമീപത്തു വച്ചായിരുന്നു അപകടം. പാലാ രാമപുരം റൂട്ടിൽ ഓടുന്ന ദേവമാതാ ബസ് ആണ് ചെയർമാന്റെ വാഹനത്തിന് പിന്നിൽ ഇടിച്ചത്. ചെയർമാന്റെ വാഹനത്തിന് തൊട്ടുമുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് റോഡിൽ തിരിച്ചപ്പോൾ ചെയർമാന്റെ വാഹനവും വേഗത കുറച്ചു. ഇതോടെയാണ് പിന്നാലെയെത്തിയ ബസ് നഗരസഭയുടെ വാഹനത്തിന് പിന്നിൽ ഇടിച്ചത്.

ചെയർമാൻ രാവിലെ മുനിസിപ്പൽ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മുന്നിലെ സീറ്റിൽ നെഞ്ചിടിച്ച് അവശനിലയിലായ ഷാജു വി. തുരുത്തനെ ബസ് യാത്രക്കാരാനായിരുന്ന കരൂർ സ്വദേശി രാധാകൃഷ്ണനാണ് ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചത്. പാലാ ട്രാഫിക് എസ്. ഐ. ബി. സുരേഷ് കുമാറും സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ചെയർമാന്റെ ഡ്രൈവറുടെ മൊഴിപ്രകാരം പൊലീസ് കേസെടുത്തു.