കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബോധപൂർവം അധിക്ഷേപിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ഗൂഡമായ നീക്കങ്ങൾ ശക്തമായി എതിർക്കുമെന്ന് കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയനിലെ മുഴുവൻ ശാഖയോഗങ്ങളുടെയും പൂർണ്ണപിന്തുണ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുമെന്നും കടുത്തുരുത്തി യൂണിയനിൽ നടന്ന ശാഖയോഗം പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗത്തിൽ പ്രമേയം പാസാക്കി.
ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മുഖവും ശബ്ദവുമായി മാറിയ ജനറൽ സെക്രട്ടറി പിന്നാക്ക ജനവിഭാഗം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഭരണാധികാരികൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനത്തിന്റെ സത്യമായ യാഥാർത്ഥ്യവും തുറന്നു പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ കോട്ടകെട്ടി സംരക്ഷിക്കാൻ ശ്രീനാരായണ പ്രസ്ഥാനം തയ്യാറാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ചിന്താ ശക്തിയും വിദ്യാസമ്പന്നരും ആണ് സംഘടനാ പ്രവർത്തകർ. ആട്ടിൻപറ്റത്തെ പോലെ ഏതെങ്കിലുമൊക്കെ രാഷ്ട്രീയ കൂടാരങ്ങളിലേക്ക് ഈഴവരെ ആട്ടിത്തെളിക്കാൻ കഴിഞ്ഞിരുന്ന കാലം അസ്തമിച്ചതായി രാഷ്ട്രീയനേതൃത്വവും തിരിച്ചറിയണമെന്ന് യോഗം ചൂണ്ടിക്കാട്ടി. കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.എം.ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർ കുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.